രക്ഷപ്പെടും മുമ്പ് സിസിടിവി മായ്ച്ചു; ചുവന്ന കാര്‍ ആരുടെ? നടിയുടെയോ നേതാവിന്റെയോ?ആറാം ദിവസവും രാഹുല്‍ ഒളിവില്‍ത്തന്നെ

പാലക്കാട്: ആറാം ദിവസവും പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ടെത്താനാകാതെ കേരള പോലീസ്. എംഎല്‍എയ്ക്കായി പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനകത്തും പുറത്തും വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും എംഎല്‍എ ഒളിവില്‍ത്തന്നെ തുടരുകയാണ്. അതേസമയം, ബുധനാഴ്ച രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വറിന് കോടതി ജാമ്യംനിഷേധിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനും ജാമ്യം കിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഇതിനൊപ്പം എംഎല്‍എയെ എത്രയുംവേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നതും വെല്ലുവിളിയായി തുടരുകയാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാടുനിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണെന്നും സൂചനയുണ്ട്. ഒരു ചുവന്ന കാറിലാണ് രാഹുല്‍ പാലക്കാടുനിന്ന് കടന്നുകളഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒരു നടിയുടെ പേരിലുള്ള കാറാണിതെന്നും സൂചനയുണ്ടായിരുന്നു. അതേസമയം, ഈ കാര്‍ ഉപയോഗിച്ചിരുന്നത് രാഹുലിനെ സഹായിച്ച കോണ്‍ഗ്രസ് നേതാവാണെന്നും സൂചനയുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തിലിനായി സംസ്ഥാനത്തിന് പുറത്തും പ്രത്യേക അന്വേഷണസംഘത്തിന്റെ തിരച്ചില്‍ തുടരുകയാണ്. കോയമ്പത്തൂര്‍, ബെംഗളൂരു തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്തിന് പുറത്ത് തിരച്ചില്‍ പുരോഗമിക്കുന്നത്.

ജാമ്യഹര്‍ജിക്കൊപ്പം ഉള്‍പ്പെടുത്താന്‍ കൂടുതല്‍ തെളിവുകള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. പരാതിക്കാരിയുമായുള്ള വാട്സാപ്പ് ചാറ്റിന്റെ രേഖകളും ഓഡിയോ, വീഡിയോ ക്ലിപ്പുകളാണ് ഹാജരാക്കിയത്.

പാലക്കാട് ഫ്‌ളാറ്റില്‍നിന്ന് പോകുംമുന്‍പ് അവിടെ അവസാനം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡിവിആറില്‍നിന്ന് മായ്ച്ചുകളഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കെയര്‍ടേക്കറില്‍നിന്നുള്‍പ്പടെ പ്രത്യേക സംഘം മൊഴി ശേഖരിച്ചിരുന്നു. കൂടാതെ, രാഹുലുമായി ബന്ധമുണ്ടായിരുന്ന ചിലര്‍ക്കുകൂടി മൊഴിയെടുക്കലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ട്. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖയിലുള്ളത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദം തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

ജാമ്യഹര്‍ജി പരിഗണിക്കുംവരെ കാത്തിരിക്കാതെ അദ്ദേഹത്തെ പിടികൂടാനാണ് ശ്രമമെന്ന് പോലീസ് പറയുന്നു. തെളിവുശേഖരണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അറസ്റ്റുള്‍പ്പടെയുള്ള നടപടികള്‍ ബുധനാഴ്ചയ്ക്കുശേഷമേ ഉണ്ടാകൂവെന്നും ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News