രാഹുല്‍ കർണാടകത്തിൽ; കൽപ്പറ്റയിൽ കീഴടങ്ങിയേക്കുമെന്ന് സൂചന; വാഹനപരിശോധന ഊര്‍ജിതമാക്കി പോലീസ്, ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

കല്‍പ്പറ്റ: ഒളിവില്‍ക്കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വയനാട്ടിലെ കോടതികളില്‍ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് മാധ്യമങ്ങളുടെ കാത്തിരിപ്പും പോലീസിന്റെ വാഹനപരിശോധനയും.

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെയാണ് 'കര്‍ണാടകയില്‍ ഒളിവില്‍ക്കഴിയുന്ന രാഹുല്‍ കല്‍പ്പറ്റ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന വിവരം' പുറത്തുവന്നത്. മാധ്യമപ്രവര്‍ത്തകര്‍ കല്‍പ്പറ്റ കോടതി പരിസരത്തെത്തി. പിന്നാലെ പോലീസ് സംഘവും കോടതി പരിസരത്തെത്തി. കല്‍പ്പറ്റ കോടതിയില്‍ കീഴടങ്ങുമെന്നു പ്രചരിച്ചത് മാധ്യമങ്ങളുടെയടക്കം ശ്രദ്ധ തിരിക്കാനാണെന്നും മാനന്തവാടി കോടതിയിലോ ബത്തേരി കോടതിയിലോ മറ്റെവിടെയെങ്കിലും ഹാജരാവാനാണ് സാധ്യതയെന്നും അഭ്യൂഹങ്ങള്‍ പരന്നുകൊണ്ടേയിരുന്നു.

രാഹുല്‍ വയനാട്ടില്‍ത്തന്നെയാണ് ഒളിവില്‍ കഴിയുന്നതെന്നും കേരള-കര്‍ണാടക അതിര്‍ത്തിയിലാണെന്നുമെല്ലാമുള്ള അഭ്യൂഹങ്ങളും ഇതിനിടയില്‍ പരന്നു. വൈകീട്ട് മുതല്‍ മുത്തങ്ങ ഉള്‍പ്പെടെയുള്ള വയനാട് – കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലും ബത്തേരിയിലും പോലീസ് വാഹനപരിശോധന കര്‍ശനമാക്കി. കൂടുതല്‍ പോലീസിനെ ബത്തേരി കേന്ദ്രീകരിച്ച് എത്തിക്കുകകൂടി ചെയ്തതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. കര്‍ണാടക-കേരള അതിര്‍ത്തിയില്‍നിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തെന്നും വയനാട് വഴി കൊണ്ടുവരുമെന്നും പരന്നു. ഇതോടെ മാധ്യമങ്ങളും ബത്തേരി പോലീസ് സ്റ്റേഷന്‍ പരിസരത്തെത്തി. പ്രത്യേകിച്ച് വിവരമൊന്നുമില്ലെന്നും വാഹനപരിശോധന ഉള്‍പ്പെടെ സ്ഥിരംപരിശോധന ശക്തമാക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

തിരുവനന്തപുരം: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്നകേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച വിധിയുണ്ടാകും. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച രാവിലെ രാഹുലിന്റെ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു.

കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ അനുമതിചോദിച്ചത് കോടതി അനുവദിക്കുകയും ചെയ്തു. അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും അടക്കം പ്രതിഭാഗം ഹാജരാക്കിയപ്പോള്‍ അതിജീവിതയെ ഗര്‍ഭച്ഛിദ്രത്തിന് സമ്മര്‍ദംചെലുത്തുന്ന വാട്സാപ്പ് ചാറ്റുകളെയാണ് പ്രോസിക്യൂഷന്‍ കൂടുതല്‍ ആശ്രയിച്ചത്. കോടതി അനുമതിയോടെ പിന്നീട് കൂടുതല്‍ വാട്സാപ്പ് ചാറ്റുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ഹര്‍ജിയില്‍ വിധിയുണ്ടാകുംവരെ രാഹുലിനെ അറസ്റ്റുചെയ്യരുതെന്ന ആവശ്യത്തില്‍ കോടതി നിലപാട് സ്വീകരിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News