രാഹുൽ വിട്ടുനിന്നത് പാർട്ടി പറഞ്ഞിട്ട്, വെള്ളിയാഴ്ച വീണ്ടും വന്നേക്കും;വി.ഡി സതീശൻ അയയുന്നില്ല

നേതൃത്വത്തെ ധിക്കരിച്ചിട്ടില്ല, കൊന്ന് തിന്നാന്‍ നില്‍ക്കുന്ന സര്‍ക്കാരാണ് അന്വേഷിക്കുന്നത്- രാഹുൽ

തിരുവനന്തപുരം: തിങ്കളാഴ്ച നിയമസഭയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ചൊവാഴ്ച വിട്ടുനിന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം. അടുപ്പിച്ചുള്ള ദിവസങ്ങളില്‍ സഭയില്‍ എത്തേണ്ടെന്നാണ് അദ്ദേഹത്തിന് കൈമാറിയ നിര്‍ദേശം. ക്രമേണ സജീവമായാല്‍ മതിയെന്നും.

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെ, രാഹുല്‍ സഭയിലുണ്ടാകുന്നത് ശ്രദ്ധ മാറാന്‍ ഇടയാകുമെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. പ്രതിപക്ഷനേതാവടക്കം രാഹുല്‍ സഭയില്‍ വരുന്നതിനോട് യോജിച്ചിട്ടുമില്ല.

എന്നാല്‍, പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷനും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കലുമടക്കം പാര്‍ട്ടി നടപടിയെടുത്ത സ്ഥിതിക്ക് നിയമസഭയില്‍ വരുന്നത് വിലക്കേണ്ടെന്ന നിലപാടാണ് എ ഗ്രൂപ്പ് കൈക്കൊണ്ടത്. സസ്‌പെന്‍ഡ് ചെയ്യണമെന്ന നിലപാടെടുത്ത രമേശ് ചെന്നിത്തലയും രാഹുല്‍ സഭയില്‍ വരുന്നത് തടയേണ്ടെന്ന നിലപാടിനോട് യോജിച്ചു. ഇതിനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യോജിക്കുകയായിരുന്നു.

ഇതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടില്‍ വിട്ടുവീഴ്ച വന്നിട്ടുമില്ല. സഭയില്‍ തുടര്‍ന്ന് വന്നാല്‍ അതിലുള്ള വിയോജിപ്പ് പരസ്യമാക്കേണ്ടിവരുമെന്ന നിലപാടിലാണ് അദ്ദേഹം. രാഹുലിനെതിരേ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നേക്കാമെന്ന സൂചനയുമുണ്ട്. അതുകൊണ്ടുതന്നെ അമിതാവേശം കാണിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവിന്.

രാഹുല്‍ വെള്ളിയാഴ്ച വരുമെന്ന സൂചനയുണ്ട്. ശനിയാഴ്ച പാലക്കാട് മണ്ഡലത്തിലും എത്തിയേക്കും. ഭരണപക്ഷത്തും ലൈംഗികാതിക്രമ പരാതി നേരിട്ടവര്‍ സഭയിലിരിക്കേ, രാഹുല്‍ എന്തിന് മാറിനില്‍ക്കണമെന്ന ചോദ്യമാണ് അദ്ദേഹത്തിന്റെ ക്യാമ്പ് ഉയര്‍ത്തുന്നത്.

ആപത്ഘട്ടത്തില്‍ ഷാഫിയെയും രാഹുലിനെയും തുണയ്ക്കാന്‍ പഴയ സഹപ്രവര്‍ത്തകരായ എ ഗ്രൂപ്പേ ഉണ്ടായുള്ളൂവെന്ന സംസാരവും പാര്‍ട്ടിയിലുണ്ട്. രാഷ്ട്രീയവളര്‍ച്ചയുടെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എ ഗ്രൂപ്പില്‍നിന്ന് ഷാഫിയടക്കം ഒരു വിഭാഗം അകന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News