റൂറല്‍ എസ്പി സിപിഎം ജില്ലാ സെക്രട്ടറിയുടെ പണി ചെയ്യേണ്ട;സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും രൂക്ഷ വിമര്‍ശനുമായി – രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന യുഡിഎഫ് പ്രതിഷേധത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും രൂക്ഷ വിമര്‍ശനുമായി രാഹുല്‍ മങ്കൂട്ടത്തില്‍ എംഎല്‍എ. കൊല്ലാനും മടിക്കാത്ത ഒരു സര്‍ക്കാരാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും ശബരിമലയില്‍ അയ്യപ്പന്റെ പൊന്നുകട്ട വിഷയം മറയ്ക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ഈ മര്‍ദനമെന്നും രാഹുല്‍ പറഞ്ഞു. കോഴിക്കോട് ഷാഫി പറമ്പിലിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റൂറല്‍ എസ്പി ബൈജുവിനെതിരേ അതിരൂക്ഷമായ ഭാഷയിലാണ് രാഹുല്‍ പ്രതികരിച്ചത്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതിന്റെ പാരിതോഷികമായാണ് സര്‍ക്കാര്‍ ബൈജുവിന് കണ്‍ഫേഡ് ഐപിഎസ് നല്‍കിയതെന്നും രാഹുല്‍ ആരോപിച്ചു. റൂറല്‍ എസ്പി നൊട്ടോറിയസ് ക്രിമിനലാണ്. ബൈജു സിപിഎം ജില്ലാ സെക്രട്ടറിയുടെ പണി ചെയ്യേണ്ട. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മെക്കിട്ട് കയറാമെന്ന് കരുതേണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

‘കോഴിക്കോട് നഗരത്തില്‍ത്തന്നെ ജോയല്‍ എന്നൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച നൊട്ടോറിയസ് ക്രിമിനലാണ് ബൈജു. എന്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഷാഫിയെ പോലീസ് മര്‍ദിച്ചിട്ടില്ലെന്ന് അയാള്‍ പറയുകയെന്നും രാഹുല്‍ ചോദിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപ്പോള്‍ ബൈജുവെന്ന് പറയുന്ന നൊട്ടോറിയസ് ക്രിമിനല്‍ കള്ളം പറഞ്ഞത് ആര്‍ക്കുവേണ്ടിയാണ്. ബൈജുവിനോട് പറയാനുള്ളത്, ബൈജു, റൂറല്‍ എസ്പിയുടെ പണി ചെയ്താല്‍ മതി. സിപിഎം ജില്ലാ സെക്രട്ടറി നടത്തേണ്ടുന്ന രാഷ്ട്രീയ പ്രസ്താവന, സിപിഎം ജില്ലാ സെക്രട്ടറി നടത്തിക്കോളും’, രാഹുല്‍ പറഞ്ഞു.

വിഷയത്തില്‍ പോലീസിനെതിരേ എം.കെ രാഘവന്‍ എംപിയും രംഗത്തെത്തി. ക്രിമിനല്‍ മൈന്‍ഡ് ഉള്ള പോലീസ് ഉദ്യോഗസ്ഥരുണ്ട്. അവരെയെല്ലാം ഞങ്ങള്‍ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്. ഷാഫിയെ തൊട്ട പൊലീസുകാരെ ഡല്‍ഹിക്ക് വിളിപ്പിക്കും. പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് മുന്‍പില്‍ ആ പോലീസുകാരെ എത്തിക്കും. ഷാഫി പാര്‍ലമെന്റ് മെമ്പറാണ്. ഒരു എംപിക്ക് സുരക്ഷ ഒരുക്കേണ്ടവരാണ് പോലീസുകാര്‍. എന്നാല്‍, ഷാഫിയെ ആക്രമിക്കുകയാണ് പൊലീസുകാര്‍ ചെയ്തത്. അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചത് മറച്ചുവെക്കാനാണ് പോലീസ് അക്രമം. പാമ്പിന്‍ വിഷം പുല്ലിലുരച്ചാല്‍ മാറില്ല. അതുപോലെ അയ്യപ്പന്റെ സ്വര്‍ണം കട്ടത് അക്രമം കൊണ്ട് മറച്ചുവയ്ക്കാന്‍ പറ്റില്ല. അയ്യപ്പനെ തൊട്ട് കളിച്ചവര്‍ ആരും ഇന്നുവരെ രക്ഷപ്പെട്ടിട്ടില്ലെന്നും രാഘവന്‍ എംപി പറഞ്ഞു.

കഴിഞ്ഞ ദിവസം യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനുനേരേ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിലാണ് ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത്. മുഖത്തും കൈക്കും കാലിനും പരിക്കേറ്റ ഷാഫിയെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. അദ്ദേഹത്തെ രാത്രിതന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഇഎന്‍ടി സര്‍ജന്‍ ഡോ. അഭിലാഷ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News