ഗര്‍ഭിണിയായത് ഞാന്‍ കാരണമല്ല, ബന്ധം തുടങ്ങിയത് യുവതിയുടെ വിവാഹശേഷം; ആരോപണങ്ങളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: തനിക്കെതിരായ പീഡനക്കേസ് രാഷ്ട്രീയപ്രേരിതമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് രാഹുല്‍ ഇക്കാര്യം ആരോപിക്കുന്നത്. യുവതിയുമായുണ്ടായിരുന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും അതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

ബലാത്സംഗക്കുറ്റവും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്ന കുറ്റവും നിലനില്‍ക്കില്ലെന്നാണ് ജാമ്യഹര്‍ജിയില്‍ രാഹുലിന്റെ വാദം. യുവതിയുടെ വിവാഹശേഷമാണ് ഫെയ്‌സ്ബുക്കിലൂടെ ബന്ധം ആരംഭിക്കുന്നത്. യുവതി ഗാര്‍ഹികപീഡനത്തിന് ഇരയായിരുന്നു. ഇതെല്ലാം കേട്ടപ്പോള്‍ യുവതിയോട് സഹതാപം തോന്നി. അങ്ങനെ സൗഹൃദം വളര്‍ന്നു.

യുവതിയുമായുണ്ടായിരുന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു. താന്‍ കാരണം ഗര്‍ഭിണിയായെന്ന് പറയുന്നത് തെറ്റാണ്. താന്‍ ഗര്‍ഭിണിയാക്കിയിട്ടില്ല. ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി സ്വയം മരുന്ന് കഴിച്ചതാണ്. അതിനാല്‍ താന്‍ എങ്ങനെയാണ് പ്രതിയാവുകയെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.

ബന്ധമുണ്ടായിരുന്ന സമയത്തെ വാട്‌സാപ്പ് ചാറ്റുകളടക്കം യുവതി സൂക്ഷിച്ചു. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. സിപിഎം-ബിജെപി നെക്‌സസാണ് ഇതിനുപിന്നില്‍. ഈ കേസിലൂടെ ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മറയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കം. യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ തന്നെ കേസിന്റെ രാഷ്ട്രീയമാനം വ്യക്തമാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News