പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ‘പാർട്ടി പറഞ്ഞാൽ മത്സരിക്കും

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വ്യക്തമാക്കി. കോൺഗ്രസ് പ്രവർത്തകർ താൻ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്ക് വേണ്ടി പ്രചാരണം നടത്താൻ തനിക്ക് നിലവിൽ പരിമിതികളുണ്ടെന്നും, താൻ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണെന്ന യാഥാർത്ഥ്യം മറക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് പാർട്ടിയുടെ തീരുമാനമാണ് അന്തിമമെന്ന് രാഹുൽ വ്യക്തമാക്കി. തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടത് പാർട്ടിയാണെന്നും, പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും വേണ്ടെന്ന് പറഞ്ഞാൽ ആ തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. .

രിടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ വീണ്ടും സജീവമാവുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. മണ്ഡലത്തിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തുവരികയാണ്. പ്രവർത്തകരുടെ ഇടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിർണ്ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മാങ്കൂട്ടത്തിൽ മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യത്തിൽ ഔദ്യോഗികമായ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് അനുയായികൾ.

രാഹുലിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കുന്നതിനാണ് ഇന്ന് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. ജനുവരി 11 നായിരുന്നു പ്രത്യേക അന്വേഷണ സംഘം മൂന്നാം ബലാത്സംഗ കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്തത്.

അതേസമയം, ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ ഉൾപ്പടെ പത്തോളം പേരെ പീഡനത്തിന് ഇരയാക്കിയെന്ന പരാതി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിൽ ഉണ്ടെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരി ആരോപിക്കുന്നു. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് കേരള ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ആദ്യ ബലാത്സംഗ കേസിലായിരുന്നു മുൻ‌കൂർ ജാമ്യം. ഈ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചത്. മുൻ‌കൂർ ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധം ആണെന്ന് ഹർജിയിൽ വാദിക്കുന്നു.

രാഹുൽ മുൻ‌കൂർ ജാമ്യത്തിൽ കഴിയുന്നത് തൻറെ ജീവന് ഭീഷണി ആണെന്നും പരാതിക്കാരി പറയുന്നു. ഹൈക്കോടതി രാഹുലിൻറെ ഹർജിയിൽ മിനി വിചാരണ നടത്തിയെന്നും പരാതിക്കാരി ആരോപിക്കുന്നുണ്ട്. കേസ് അന്വേഷണ ഘട്ടത്തിലാണെന്നും പരാതിക്കാരിക്കെതിരായ പരാമർശങ്ങൾ അനുചിതവും നിയമവിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. കേസിലെ ആദ്യ പരാതിക്കാരിക്കായി അഭിഭാഷകൻ കെആർ സുഭാഷ് ചന്ദ്രൻ ആണ് ഹർജി സമർപ്പിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News