പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ബലാത്സംഗ പരാതിയിലെ പരാതിക്കാരി തിരുവല്ല സ്വദേശിയെന്ന് വിവരം. വിദേശത്താണ് ഇപ്പോൾ യുവതിയുള്ളത്. വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. നാളെ യുവതി നാട്ടിലെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പത്തനംതിട്ട എആർ ക്യാംപിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ രാഹുലിൻ്റെ വിശദമായ മൊഴി എടുക്കും.
എസ്ഐടി മേധാവി ജി പൂങ്കുഴലി ഐപിഎസിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് ഷൊർണൂർ ഡിവൈഎസ്പി ഇന്നലെ അർദ്ധരാത്രി പാലക്കാട്ടെ ഹോട്ടലിൽ എത്തി രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. നീക്കം അതീവരഹസ്യമാക്കി വെക്കാൻ കർശന നിർദേശം ഉണ്ടായിരുന്നു. രാഹുലിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. ജി പൂങ്കുഴലി എ ആർ ക്യാംപിലേക്ക് എത്തിയിട്ടുണ്ട്.
പുതുതായി ലഭിച്ച ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരേ വീണ്ടും പോലീസിന്റെ അർധരാത്രി ഓപ്പറേഷൻ. അതും ഒരേ ഹോട്ടലിൽ. ശനിയാഴ്ച രാത്രി 12.30- ഓടെയാണ് പാലക്കാട് കെപിഎം റീജൻസിയിൽനിന്ന് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇതിനുള്ള ഒരുക്കങ്ങൾ വൈകുന്നേരം തന്നെ തുടങ്ങിയിരുന്നതായാണ് സൂചന. നിലവിൽ രാഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇ മെയിൽ ആയി ലഭിച്ച പുതിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരായ ഇപ്പോഴത്തെ പോലീസ് നടപടി. എംഎൽഎയ്‌ക്കെതിരേ ലഭിക്കുന്ന മൂന്നാമത്തെ ലൈംഗിക പീഡന പരാതിയാണിത്. പത്തനംതിട്ട സ്വദേശിനിയാണ് പുതിയ പരാതി നൽകിയതെന്നാണ് റിപ്പോർട്ട്.
രാത്രി 10 മണി മുതൽ ജില്ലയിലെ പ്രധാന പോലീസ് ഉദ്യോഗസ്ഥരെയൊന്നും ഫോണിൽ കിട്ടിയിരുന്നില്ല. രാഹുലിന്റെ ഡ്രൈവറും സഹായിയുമുൾപ്പെടെ പോയശേഷമായിരുന്നു പോലീസിന്റെ നടപടി.
പാലക്കാട് ഉപതിരഞ്ഞെടുപ്പുകാലത്തായിരുന്നു രാഹുലിനെതിരായ പോലീസിന്റെ ആദ്യനീക്കം. 2024 നവംബർ അഞ്ചിന് അർധരാത്രി നീലപ്പെട്ടിയിൽ പണം കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞായിരുന്നു ഇതേ ഹോട്ടലിൽ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയത്.
എന്നാൽ ഒന്നും കിട്ടിയില്ല. രാഹുലിനെ കസ്റ്റഡിയിലെടുക്കാനുമായില്ല. പോലീസിന്റെ കൈ പൊള്ളി. എന്നാൽ ഇത്തവണ പോലീസിന്റെ നീക്കം പഴുതടച്ചായിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായതടക്കമുള്ള പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് രാഹുലിനെതിരായ നടപടിയെന്ന ആക്ഷേപവുമുണ്ട്.


