ടി. സിദ്ദിഖിന്റെ എം.എല്‍.എ ഓഫീസ് നിറഞ്ഞ് രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍; ഇത്രയ്ക്കൊന്നും വേണ്ട, വേണമെങ്കില്‍ ഒരെണ്ണം വെയ്ക്കാമെന്ന് രാഹുല്‍

കല്‍പ്പറ്റ: കല്‍പ്പറ്റയില്‍ ടി. സിദ്ദിഖിന്റെ എം.എല്‍.എ ഓഫീസില്‍ തന്റെ ധാരാളം ഫോട്ടോകള്‍ സ്ഥാപിച്ചതിലുള്ള അതൃപ്തി പരസ്യമാക്കി രാഹുല്‍ ഗാന്ധി രംഗത്ത്. കുറെ ചിത്രങ്ങള്‍ വേണ്ടതില്ലെന്നും വേണമെങ്കില്‍ ഒരെണ്ണം വെയ്ക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഓഫീസ് ഉദ്ഘാടനം ചെയ്തത് സ്ഥലം എം.പി കൂടിയായ രാഹുലായിരുന്നു.

താന്‍പറയുന്ന കാര്യം സിദ്ദിഖിന് ഇഷ്ടപ്പെടാന്‍ സാധ്യതയില്ലെന്ന മുഖവുരയോടെയാണ് പ്രസംഗത്തിന്റെ അവസാനം രാഹുല്‍ അനിഷ്ടം പ്രകടിപ്പിച്ചത്. ഉദ്ഘാടനത്തിനുശേഷം ഓഫീസ് കാണുന്നതിനിടയിലും തന്റെ ചിത്രങ്ങള്‍ ഇത്രയധികം ഉപയോഗിച്ചതിനെക്കുറിച്ച് അദ്ദേഹം നേതാക്കളോട് സൂചിപ്പിച്ചിരുന്നു.

രാഹുല്‍ ഗാന്ധി പറയുന്നു;

”എന്റെ ചിത്രങ്ങള്‍ ധാരാളമായി എം.എല്‍.എ. ഓഫീസിനുള്ളില്‍ തൂക്കിയത് കണ്ടു. അതിന്റെ ആവശ്യമില്ലായിരുന്നു. എന്റെ കുറേ ചിത്രങ്ങള്‍ ഇങ്ങനെ കാണുന്നത് എനിക്കിഷ്ടമല്ല. വേണമെങ്കില്‍ ഒരെണ്ണമൊക്കെ വെക്കാം. എന്റെ ഫോട്ടോകള്‍ ഇങ്ങനെ കാണുന്നത് എനിക്കുതന്നെ അലര്‍ജിയാണ്. ഞാന്‍ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യാം. എങ്കിലും എന്റെ ഇഷ്ടമെന്താണെന്ന് എന്നെ ഇഷ്ടപ്പെടുന്നവരോട് തുറന്നുപറയേണ്ടതുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News