FeaturedHome-bannerKeralaNews

രാഹുല്‍ ഗാന്ധി ഇത്തവണ വയനാട്ടിലേക്കില്ല;പകരം ആര്?മുല്ലപ്പള്ളിക്ക് മുതല്‍ ആര്യാടന് വരെ താല്‍പര്യം

കോഴിക്കോട്: 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 ല്‍ 19 സീറ്റിലും വിജയം നേടുന്നതില്‍ യു ഡി എഫിന് ഏറെ സഹായകരമായത് വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ മത്സരമായിരുന്നു. ഇത്തവണയും രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുമെന്നാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം നേതാക്കളും പ്രവർത്തകരും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും.

എന്നാല്‍ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കില്ലെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഇന്ത്യ മുന്നണിയിൽ സമ്മർദ്ദം ശക്തമായാൽ രാഹുൽ വയനാട്ടിലെ മത്സരത്തില്‍ നിന്നും മാറി നില്‍ക്കാനാണ് സാധ്യത. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കരുതെന്ന് ഇന്ത്യാ മുന്നണിയിലെ ഘടകക്ഷിയായ സി പി ഐ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.

ഇന്‍ഡ്യാ മുന്നണിയിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സി പി ഐയുടെ ഈ ആവശ്യത്തിന് മുന്നണിയിലെ മറ്റ് പ്രധാന കക്ഷികളും പിന്തുണ നല്‍കിയേക്കും. ഈ സാഹചര്യത്തില്‍ മുന്നണി മര്യാദ മാനിച്ച് രാഹുൽ മാറിനിൽക്കുന്നതിനെ കുറിച്ച് എ ഐ സി സി നേതൃത്വവും കാര്യമായി ആലോചിക്കുന്നുണ്ട്.

വീണ്ടുമൊരിക്കല്‍ കൂടെ വയനാട്ടിൽ മത്സരിച്ചാൽ ഉത്തരേന്ത്യയിൽ സംഭവിക്കാൻ സാധ്യതയുള്ള തിരിച്ചടിയും ബി ജെ പി പ്രചരണങ്ങളും കോൺഗ്രസിൽ പുനഃരാലോചനക്ക് കാരണമായെന്നാണ് റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നത്. രാഹുല്‍ വയനാട്ടില്‍ സി പി ഐക്കെതിരെ മത്സരിക്കുന്നത് ബി ജെ പി ഇന്ത്യാ മുന്നണിക്കെതിരായ പ്രചാരണ ആയുധമാക്കുകുയം ചെയ്യും.

ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പകരക്കാരനെ തേടാനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചത്. എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗാപാല്‍ ലോക്സഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന് മറ്റ് സ്ഥാനാർത്ഥികളെ തേടേണ്ടി വരില്ല. അദ്ദേഹം മത്സരിക്കാന്‍ തയ്യാറായില്ലെങ്കില്‍ മാത്രം പ്രാദേശിക നേതാക്കള്‍ക്ക് നറുക്ക് വീഴും.

മുന്‍ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഒരിക്കല്‍ കൂടെ ലോക്സഭയിലേക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ട്. വടകരയില്‍ കെ മുരളീധരന്‍ തന്നെ മത്സരിക്കുകയാണെങ്കില്‍ മുല്ലപ്പള്ളിക്ക് വയനാട്ടില്‍ നറുക്ക് വീണേക്കും. മുല്ലപ്പള്ളിയ്ക്ക് വടകര കൊടുത്ത് വയനാട്ടിലേക്ക് മാറാൻ കെ മുരളീധരനും തയാറാണെന്നാണ് സൂചന. സാമുദായിക പരിഗണനകൾ വച്ച് എംഎം ഹസ്സനും ആര്യാടൻ ഷൗക്കത്തിനും വയനാട്ടിൽ നോട്ടമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker