ഇത്രയധികം നുണ പറഞ്ഞാല്‍ പ്രോംപ്റ്ററും കേടാകും; മോദിയെ ട്രോളി രാഹുല്‍
ന്യൂഡല്‍ഹി: ടെലിപ്രോംപ്റ്റര്‍ തകരാറിലായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തടസപ്പെട്ട സംഭവത്തില്‍ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ടെലിപ്രോംപ്റ്ററിനു പോലും ഇത്രയധികം നുണകള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു രാഹുലിന്റെ പരിഹാസം. ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിക്കിടെയായിരുന്നു മോദിയുടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയത്.
ഉച്ചകോടിയില്‍ ഓണ്‍ലൈനായി പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ടെലിപ്രോംപ്റ്റര്‍ കേടായതോടെ പ്രസംഗം അല്‍പനേരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പ്രസംഗം തടസപ്പെട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് മോദിയെ പരിസഹിച്ച് രാഹുല്‍ രംഗത്തെത്തിയത്. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പരിഹാസം.
ഈ ട്വീറ്റിന് പിന്നാലെ മോദിയെ പരിഹസിച്ച് രാഹുല്‍ മുമ്പ് നടത്തിയ ഒരു പ്രതികരണവും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നരേന്ദ്ര മോദിക്ക് സ്വന്തമായി സംസാരിക്കാന്‍ കഴിയില്ലെന്നും ടെലിപ്രോംപ്റ്ററില്‍ നോക്കി വായിക്കാന്‍ മാത്രമേ പ്രധാനമന്ത്രിക്ക് സാധിക്കുവെന്നും രാഹുല്‍ പറയുന്ന വീഡിയോയാണ് വൈറലായത്.