ന്യൂഡൽഹി: സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് അപ്പീൽ നൽകും. സൂറത്തിലെ സെഷൻസ് കോടതിയിൽ രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകും. ശിക്ഷാ വിധിയിൽ പാളിച്ചയുണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെടും.
മനു അഭിഷേക് സിങ്‌വി, പി ചിദംബരം, സൽമാൻ ഖുർഷിദ് എന്നിവരടങ്ങുന്ന പാർട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ദ സംഘമാണ് രാഹുൽ ഗാന്ധിക്കായി അപ്പീൽ തയ്യാറാക്കിയത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും മുതിർന്ന നേതാവ് കെ സി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പം സൂറത്തിലെത്തും.
2019 ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോലാറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദമായ പരാമർശം. ‘മോദി’ സമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന ബിജെപി എംഎൽഎ പൂർണേഷ് മോദിയുടെ പരാതിയിലാണ് സൂറത്ത് കോടതി രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചത്.
വിധിക്ക് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ സൂറത്ത് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച് എച്ച് വർമയാണ് തടവ് ശിക്ഷ വിധിച്ചത്.
മനു അഭിഷേക് സിങ്‌വി ഉൾപ്പെടുന്ന കോൺഗ്രസിന്റെ നിയമ വിഭാഗമാണ് രാഹുലിനെതിരായ എല്ലാ കേസുകളും ഏറ്റെടുത്തിരിക്കുന്നത്. ‘മോദി’ പരാമർശത്തിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് പാട്ന കോടതി രാഹുലിന് നോട്ടീസ് അയച്ചിരുന്നു.
‘മോദി’ സമുദായത്തെ അപമാനിച്ചു എന്ന കേസിൽ ഏപ്രിൽ 12 ന് ഹാജരാകാൻ പാട്നയിലെ പ്രത്യേക കോടതി രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതാവും രാജ്യസഭാംഗവുമായ സുശീൽ കുമാർ മോദിയുടെ പരാതിയിന്മേലാണ് പാട്ന കോടതിയുടെ നടപടി.