ന്യൂഡല്‍ഹി: ആര്.എസ്.്എസിനെയും അതിന്റെ പോഷക സംഘടനകളെയും ‘സംഘ് പരിവാര്‍’ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇനിമുതല്‍ താന്‍ ആര്.എസ്.എസിനെ സംഘ് പരിവാര്‍ എന്ന് വിളിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ആര്‍എസ്എസിനെയും അതിന്റെ പോഷക സംഘടനകളെയും സംഘ് പരിവാര്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു കുടുംബത്തില്‍ സ്ത്രീകളുണ്ടാകും. മുതിര്‍ന്നവരോട് ബഹുമാനമുണ്ടാകും. അനുകമ്പയും വാത്സല്യവും ഉണ്ടാകും. എന്നാല്‍ ഇതൊന്നും ആര്‍എസ്എസില്‍ ഇല്ല. അതുകൊണ്ട് ഇനി ആര്‍എസ്എസിനെ ഞാന്‍ സംഘ് പരിവാര്‍ എന്ന് വിളിക്കില്ല’- അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളെ ഉത്തര്‍പ്രദേശില്‍ ആക്രമിച്ചതിന് പിന്നില്‍ സംഘ് പരിവാര്‍ അജണ്ടയാണെന്നും രാജ്യം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തെ വിഘടിപ്പിക്കാനുള്ള സംഘ് പരിവാര്‍ പദ്ധതിയുടെ ഭാഗമായാണ് ആക്രമണം നടന്നത് എന്നായിരുന്നു രാഹുലിന്റെ ആരോപണം.