ന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവണെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നാൾക്കുനാൾ വഷളാവുകയാണ്. നരവണെയുടെ ആത്മകഥയുടെ ഹാർഡ്കവർ പതിപ്പ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ പ്രദർശിപ്പിച്ചതോടെയാണ് വിവാദം വീണ്ടും പുകഞ്ഞുതുടങ്ങിയത്. നരവണെയുടെ കുട്ടിക്കാലം മുതൽ സൈനികസേവനത്തിന്റെ അവസാന നാളുകൾ വരെയുള്ള ഓർമകളാണ് പുസ്തകത്തിലുള്ളത്.
ഫെബ്രുവരി രണ്ടിന് നടന്ന ലോക്‌സഭാ ബജറ്റ് സമ്മേളനത്തിൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിലാണ് രാഹുൽ നരവണെയുടെ ഓർമക്കുറിപ്പുകളിൽ നിന്നുള്ള ചിലഭാഗങ്ങൾ വായിച്ചത്. കുറിപ്പുകളെ ഉദ്ധരിച്ച്, ദോക്‌ലാം വിഷയത്തിൽ കേന്ദ്രസർക്കാരിന് വീഴ്ചയുണ്ടായെന്നും ഇന്ത്യൻ ഭൂപ്രദേശം ചൈന കൈയേറിയെന്നും രാഹുൽ ആരോപിച്ചു. ഇതോടെ ഭരണപക്ഷം വലിയ എതിർപ്പുകളുമായി മുന്നോട്ടുവന്നു.
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഈ പുസ്തകം എങ്ങനെയാണ് രാഹുൽ ഗാന്ധിയുടെ കൈകളിലെത്തിയത് എന്ന ചോദ്യമാണ് ഭരണപക്ഷം പ്രധാനമായും മുന്നോട്ടുവെച്ചത്. സാമൂഹിക മാധ്യമങ്ങളിലടക്കം ഏറെ ഊഹാപോഹങ്ങൾക്കും ദുരൂഹതയ്ക്കും ഇത് വഴിവെച്ചു. ഒടുവിൽ അതിന് മറുപടി രാഹുൽ ഗാന്ധി തന്നെ നൽകിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
നേരത്തെ പിടിഐ പുസ്തകത്തിന്റെ ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. മാത്രമല്ല, അടുത്തിടെ ദി കാരവൻ ഈ ഓർമ്മക്കുറിപ്പുകളുടെ കൈയെഴുത്തുപ്രതിയെ അടിസ്ഥാനമാക്കി ഒരു കവർ സ്റ്റോറിയും പ്രസിദ്ധീകരിച്ചിരുന്നു. ”ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം വിദേശത്ത് ലഭ്യമാണ്. അത് വിദേശത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോദി സർക്കാർ ഇത് ഇവിടെ പ്രസിദ്ധീകരിക്കാൻ അനുവദിക്കുന്നില്ല.’ എന്നാണ് രാഹുൽ ഗാന്ധി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
പാർലമെന്റിന് പുറത്ത് സംസാരിക്കവെ, ‘അവർ (ബിജെപി) ഭയക്കുന്നു, കാരണം ഈ പുസ്തകം പുറത്തുവന്നാൽ നരേന്ദ്ര മോദിയുടെയും രാജ്‌നാഥ് സിങ്ങിന്റെയും യാഥാർത്ഥ്യം വെളിപ്പെടും. ചൈന നമുക്ക് മുന്നിൽ മുന്നേറുമ്പോൾ 56 ഇഞ്ച് നെഞ്ചളവിന് എന്ത് സംഭവിച്ചു?’ 2020-ൽ കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള സംഘർഷത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തെ പരാമർശിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.
അതിനുശേഷം പാർലമെന്റിനകത്തും പുറത്തും ഈ വിഷയത്തിൽ രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടായി. രാഹുൽ ഗാന്ധിക്ക് ഈ വിഷയത്തിൽ സംസാരിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് ലോക്സഭ നിരവധി തവണ നിർത്തിവെച്ചു. ഫെബ്രുവരി നാലിന് പാർലമെന്റിൽ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിന്റെ ഒരു കോപ്പിയുമായി എത്തിയ രാഹുൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കുമെന്ന് പറഞ്ഞു.
വിവാദങ്ങൾ തുടരുന്നതിനിടെ, ഫെബ്രുവരി ഒമ്പതിന് ജനറൽ നരവണെയുടെ ഓർമ്മക്കുറിപ്പുകളുടെ വിതരണാവകാശം തങ്ങൾക്കാണെന്ന് അറിയിച്ച് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ മുന്നോട്ടുവന്നു. അനധികൃത പകർപ്പുകൾ പ്രചരിക്കുന്ന റിപ്പോർട്ടുകൾക്കിടയിൽ പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് വ്യക്തമാക്കി. കൈയെഴുത്തുപ്രതിയുടെ ഡിജിറ്റൽ, മറ്റ് രൂപങ്ങളിലുള്ള അനധികൃത പ്രചരണങ്ങളെക്കുറിച്ച് ഡൽഹി പോലീസ് ഒരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് അവർ വിശദീകരണവുമായി മുന്നോട്ടുവന്നത്.
പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥർക്ക് കർശനമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. 1950-ലെയും 1954-ലെയും പ്രത്യേക സൈനിക നിയമങ്ങൾ അനുസരിച്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുൻകൂട്ടി സർക്കാർ അനുമതി നേടേണ്ടത് ആവശ്യമാണ്. എന്നാൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല. എന്നിരുന്നാലും, വിരമിച്ചവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ 1923-ലെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരം ജീവിതകാലം മുഴുവൻ ഈ നിയന്ത്രണത്തിന് വിധേയരാണ്.
വിരമിച്ച ഉദ്യോഗസ്ഥർ, ചില ഇന്റലിജൻസ് അല്ലെങ്കിൽ സുരക്ഷാ സംഘടനകളിൽ സേവനമനുഷ്ഠിച്ചവർ, കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) നിയമങ്ങൾ, 2021 (നിയമം 8) അനുസരിച്ച്,വിരമിച്ച ഉദ്യോഗസ്ഥർക്ക് തങ്ങളുടെ പ്രവർത്തനം, അല്ലെങ്കിൽ രഹസ്യ കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് തങ്ങൾ പ്രവർത്തിച്ചിരുന്ന ഏജൻസിയുടെ തലവനിൽ നിന്ന് മുൻകൂട്ടി അനുമതി നേടേണ്ടതാണ്.
നിയമങ്ങൾ അനുസരിച്ച്, ജനറൽ നരവണെയുടെ കൈയെഴുത്തുപ്രതി പ്രതിരോധ മന്ത്രാലയത്തിന്റെ അവലോകനത്തിലായിരുന്നു. അതുകൊണ്ടാണ് രാഹുൽ ഗാന്ധി ലോക്സഭയിൽ പുസ്തകത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിച്ചപ്പോൾ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അത് തടഞ്ഞത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിക്കാത്തതിനാൽ ഇത് അംഗീകൃത രൂപത്തിൽ ലഭ്യമല്ല എന്നുപറഞ്ഞാണ് അദ്ദേഹം രാഹുൽ ഗാന്ധിയെ എതിർത്തത്.
The controversy surrounding former Army Chief General M.M. Naravane’s memoir, “Four Stars of Destiny,” has escalated into a major political storm between the Opposition and the Union Government. The row intensified after Leader of the Opposition Rahul Gandhi displayed a physical copy of the book in the Parliament complex, challenging the government’s claim that the book “does not exist.”


