ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധി അടിയന്തരമായി സ്റ്റേചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. സ്റ്റേ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി അവധിക്ക് ശേഷം വിധിപറയാനായി ജസ്റ്റിസ് ഹേമന്ത് പ്രച്ചക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും അസല്‍ കൈമാറാന്‍ വിചാരണ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു. അടിയന്തിര സ്റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ അയോഗ്യത തുടരും.
രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ഹൈക്കോടതി ജഡ്ജി ഹേമന്ത് പ്രച്ചക്ക് തയ്യാറായില്ല. നാലാം തീയതി താന്‍ വിദേശ യാത്രയ്ക്ക് പോകുകയാണെന്നും അതിനാല്‍ അവധിക്ക് ശേഷം വിധി പ്രസ്താവിക്കാമെന്നും ജഡ്ജി വ്യക്തമാക്കി.
മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നല്‍കിയ കേസിലാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്തിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നത്. രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും പിഴയും മജിസ്ട്രേറ്റ് കോടതി വിധിച്ചിരുന്നു. ഇതില്‍ ശിക്ഷ സ്റ്റേ ചെയ്തുവെങ്കിലും കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാന്‍ സെഷന്‍സ് കോടതി തയ്യാറായില്ല. ഇതിനെതിരേയാണ് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.
മെയ് അഞ്ചിന് വേനൽ അവധിക്ക് അടയ്ക്കുന്ന ഗുജറാത്ത് ഹൈക്കോടതി, ജൂൺ അഞ്ചിന് മാത്രമേ ഇനി തുറക്കുകയുള്ളു.