എറണാകുളം: ഉദ്യോഗാർത്ഥികളുടെ സമരത്തിൽ, സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. കേരളത്തിലെ യോഗ്യതയുള്ള യുവാക്കൾക്ക് കൊടുക്കേണ്ട ജോലി സിപിഎം അവർക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം കൊടുക്കുകയാണെന്ന് രാഹുൽ വിമർശിച്ചു.
ജോലിക്ക് വേണ്ടി സമരം ചെയ്ത ചെറുപ്പക്കാരോട് സംസാരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും തയ്യാറായില്ല. അതിന് കാരണം യുവാക്കൾ പറയുന്നത് സത്യമായത് കൊണ്ടാണെന്നും രാഹുൽ പറഞ്ഞു.
കമ്മ്യൂണിസത്തിൽ വിശ്വസിക്കുന്നവരെ മാത്രം സഹായിക്കാം എന്നാണ് എൽഡിഎഫ് പറയുന്നത്. ആർഎസ് എസിൽ വിശ്വസിക്കുന്നവരെ മാത്രം സഹായിക്കാമെന്ന് ആർ എസ് എസുകാരും പറയുന്നു. എന്നാൽ ഏതിൽ വിശ്വസിക്കുന്നവരെയും കോൺഗ്രസ് സഹായിക്കും.
സിപിഎം സംഘടനയുടെ കാര്യം മാത്രം നോക്കാതെ സംസ്ഥാനത്തിന്റെ കാര്യം നോക്കണം. ഉള്ളതെല്ലാം സംഘടനക്ക് കൊടുക്കാതെ സംസ്ഥാനത്തെ ജനങ്ങൾക്ക് കൊടുക്കണം. സാമ്പത്തിക രംഗം പുണരുജീവിപ്പിക്കാനുള്ള നടപടികൾ അനിവാര്യമാണ്.
ന്യായ് പദ്ധതി ഔദാര്യമല്ല. സമ്മാനമല്ല, അത് ജനങ്ങളുടെ തന്നെ പണമാണ്. കർഷക നിയമങ്ങൾ ജനങ്ങളുടെ പോക്കറ്റടിക്കാനാണ്. കേരളത്തിൽ അത് നടപ്പിലാക്കാൻ സമ്മതിക്കില്ല.
കോൺഗ്രസിന്റെ 55 ശതമാനം സ്ഥാനാർത്ഥികളും യുവാക്കളും പുതിയ ആളുകളുമാണ്. മുഴുവൻ സീറ്റുകളിലും യുവാക്കളെ മത്സരിപ്പിക്കാനാവില്ല. പരിചയ സമ്പന്നരും അനിവാര്യമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കോട്ടയം മണ്ഡലത്തിലെ ചിങ്ങവനത്ത് ഇന്നത്തെ പ്രചാരണം തുടങ്ങിയ രാഹുൽ ഗാന്ധി പുതുപ്പുള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് വോട്ട് തേടിയെത്തി. കാഞ്ഞിരപ്പള്ളിയിലും പാലായിലും കടുത്തുരുത്തിയിലും പിറവത്തും രാഹുൽ പ്രചാരണം നടത്തി.