ന്യൂഡല്‍ഹി: ഹരിയാന തോല്‍വിയില്‍ സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളുടെ സ്വാര്‍ത്ഥ സമീപനമാണ് തോല്‍വിക്ക് കാരണമെന്ന് രാഹുല്‍ ആരോപിച്ചു. ഹരിയാനയിലെ തോല്‍വി വിലയിരുത്തല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്.
അജയ് മാക്കന്‍, അശോക് ഗെലോട്ട് ദീപക് ബാബറിയ, കെസി വേണുഗോപാല്‍ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു. അതേസമയം യോഗത്തില്‍ രാഹുല്‍ ദീര്‍ഘനേരം മൗനത്തിലായിരുന്നു. എന്നാല്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ശക്തമായ രണ്ട് പോയിന്റുകളാണ് രാഹുല്‍ ഉന്നയിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ കൃത്രിമത്വത്തെ കുറിച്ചും ഇലക്ഷന്‍ കമ്മീഷന്‍ ഇതില്‍ മറുപടി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. വോട്ടെണ്ണലിന്റെ സമയത്ത് എന്താണ് തെറ്റായി നടന്നതെന്നതിനെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യമാണെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ രണ്ടാമത്തെ പോയിന്റിന് ആരും മറുപടി നല്‍കിയില്ല.
ജയിക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പായിരുന്നു ഹരിയാനയിലേതെന്ന് രാഹുല്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ പാര്‍ട്ടിയേക്കാള്‍ സ്വന്തം കാര്യങ്ങള്‍ക്കാണ് നേതാക്കള്‍ പ്രാധാന്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവിഎമ്മാണ് തോല്‍വിക്ക് കാരണമെന്ന് നേതാക്കള്‍ തുടരെ ആരോപിച്ചത് രാഹുല്‍ ഗാന്ധിയെ ചൊടിപ്പിക്കുകയും ചെയ്തു.
നേതാക്കള്‍ തമ്മിലടിച്ചതും, പാര്‍ട്ടിയെ കുറിച്ച് ചിന്തിക്കാത്തതുമാണ് തോല്‍വിക്ക് കാരണമെന്ന് രാഹുല്‍ ആരോപിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. ഇത് പറഞ്ഞ ശേഷം രാഹുല്‍ എഴുന്നേറ്റ് പുറത്തേക്ക് പോവുകയായിരുന്നു. അതേസമയം ഹൂഡാ കുടുംബത്തെ മാത്രം ലക്ഷ്യമിട്ടായിരുന്നില്ല രാഹുലിന്റെ ആക്രമണം.
ഹരിയാനയിലെ എല്ലാ നേതാക്കളെയും ലക്ഷ്യമിട്ടായിരുന്നു. തോല്‍വിക്ക് പിന്നിലെ കാരണം പരിശോധിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ തമ്മിലടി ഇതാദ്യമായിട്ടല്ല കോണ്‍ഗ്രസിന് തിരഞ്ഞെടുപ്പില്‍ നഷ്ടമുണ്ടാക്കുന്നത്. നേരത്തെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വിഭാഗീയതയെ തുടര്‍ന്ന് തോല്‍വി നേരിട്ടിരുന്നു.
അതേസമയം കുമാരി സെല്‍ജയും ഹൂഡ കുടുംബവും തമ്മിലുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് തോല്‍വിയെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധി നേരത്തെ ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ അതിന്റെ നേട്ടമുണ്ടായിട്ടില്ല. ഖാര്‍ഗെയുടെ വസതിയില്‍ നടന്ന യോഗത്തില്‍ കുമാരി സെല്‍ജയോ രണ്‍ദീപ് സുര്‍ജേവാലയോ പങ്കെടുത്തിട്ടില്ല. തോല്‍വിയില്‍ നിന്ന് പാഠം പഠിക്കാനാണ് നേതാക്കളോട് കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുന്നത്.
ഹരിയാന തിരഞ്ഞെടുപ്പില്‍ മകന്‍ ആദിത്യ സുര്‍ജേവാലയ്ക്ക് വേണ്ടി മാത്രമാണ് രണ്‍ദീപ് സുര്‍ജേവാല രംഗത്തിറങ്ങിയത്. അദ്ദേഹം നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥികളെയും ഒഴിവാക്കിയിരുന്നു. അതുകൊണ്ട് പ്രചാരണത്തിനും പ്രകടനപത്രിക രൂപീകരണത്തില്‍ നിന്നും അദ്ദേഹം വിട്ടുനിന്നു. ഹൂഡ കുടുംബത്തിനോടാണ് അദ്ദേഹം ഇടഞ്ഞ് നിന്നത്. ദീപേന്ദര്‍ ഹൂഡ സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കുമെന്ന് ഭൂരിഭാഗം നേതാക്കളും കരുതുന്നുണ്ട്. കുമാരി സെല്‍ജ അടക്കം ഇടഞ്ഞ് നില്‍ക്കാന്‍ കാരണം ഇതാണ്.