ന്യൂഡല്‍ഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര-ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍തോതില്‍ കൃത്രിമം നടന്നുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വാജ്യവിലാസങ്ങളില്‍ വന്‍തോതില്‍ വോട്ടര്‍മാര്‍, ഒരേവിലാസത്തില്‍ നിരവധി വോട്ടര്‍മാര്‍. ഒരാള്‍ക്ക് മൂന്ന് സംസ്ഥാനത്ത് വരെ വോട്ട് എന്നിങ്ങനെ ആരോപണങ്ങള്‍ക്ക് ആധാരമായി വോട്ടര്‍പട്ടികയും വിലാസങ്ങളിലെ പൊരുത്തക്കേടുകളും നിരത്തുന്ന തെളിവുകളും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ വീഡിയോ വാളില്‍ പ്രദര്‍ശിപ്പിച്ചു.
ബെംഗളൂരു സെന്‍ട്രല്‍ ലോക്‌സഭാ സീറ്റിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ വന്‍തോതിലുള്ള വോട്ട് മോഷണം നടന്നതായി രാഹുല്‍ അവകാശപ്പെട്ടു. ബാംഗ്ലൂര്‍ സെന്‍ട്രലിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മഹാദേവപുര ഒഴിച്ച് ആറിടത്തെ വോട്ടുകളില്‍ കോണ്‍ഗ്രസിന് 85,000 വോട്ട് ലീഡുണ്ടായിരുന്നു. എന്നാല്‍ മഹാദേവപുരയിലെ മാത്രം വോട്ട് കൂട്ടിയപ്പോള്‍ 35,000 വോട്ടിന് ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. ഈ ഒരേയൊരു നിയമസഭാ മണ്ഡലത്തില്‍ മാത്രം 1,14,000 വോട്ടാണ് ബിജെപിക്ക് അധികമായി കിട്ടിയത്. ഇത് സര്‍വത്ര തിരിമറിയാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ 6.5 ലക്ഷം വോട്ടുകളില്‍ ഒരു ലക്ഷത്തിലധികം വോട്ടുകള്‍ വ്യാജമാണെന്നും രാഹുല്‍ ആരോപിച്ചു.
വോട്ടര്‍മാരില്‍ ചിലരുടെ പിതാവിന്റെ പേരിന്റെ സ്ഥാനത്ത് അക്ഷരങ്ങള്‍ മാത്രമാണുള്ളത്. ഏഴുപതും എണ്‍പതും വയസ്സുള്ളവര്‍ കന്നിവോട്ടര്‍മാരായി. വീട്ടുനമ്പര്‍ രേഖപ്പെടുത്തേണ്ടിടത്ത് ചേര്‍ത്തിരിക്കുന്നത് പൂജ്യം എന്നാണ്. ഇങ്ങനെ വോട്ടര്‍പട്ടിക ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ആരോപണം ഉന്നയിച്ചത്
അഞ്ച് വിധത്തിലാണ് മഹാദേവപുരയില്‍ വ്യാജ വോട്ടുകള്‍ ചേര്‍ത്തതെന്നാണ് രാഹുല്‍ പറയുന്നത്. ഇതില്‍ 11,965 ഇരട്ട വോട്ടുകളാണ്. വ്യാജ വിലാസത്തില്‍ 40,009 വോട്ടര്‍മാരുണ്ടായി. മുപ്പതും അമ്പതുമൊക്കെയായി ഒരേവിലാസത്തില്‍ ഇങ്ങനെ 10,452 വോട്ടര്‍മാരെ ചേര്‍ത്തു. വ്യാജ ഫോട്ടോയില്‍ 4132 വോട്ടര്‍മാരും ഫോം6 ദുരുപയോഗം ചെയ്ത് 33692 വോട്ടമാരേയും ഉള്‍പ്പെടുത്തിയെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു.
രാജ്യത്ത് തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ഒത്തുകളിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഭരണവിരുദ്ധ വികാരം ഇല്ലാത്തതിന് എപ്പോഴും ഒരു കാരണം ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ രാഹുല്‍ പുല്‍വാമയും ഓപ്പറേഷന്‍ സിന്ദൂറും ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയില്‍, അഞ്ച് വര്‍ഷം കൊണ്ട് ഉണ്ടായതിനേക്കാള്‍ കൂടുതല്‍ വോട്ടര്‍മാരെ 5 മാസം കൊണ്ട് പുതുതായി ചേര്‍ത്തതും, വൈകുന്നേരം 5 മണിക്ക് ശേഷം പോളിംഗ് ശതമാനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണെന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞ്ഞെടുപ്പിനും ഇടയില്‍ വോട്ടര്‍ പട്ടികയില്‍ സംശയകരമായ വോട്ടര്‍മാരുടെ വര്‍ധനയും കുതിച്ചു ചാട്ടവും സംശയകരമാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാരുണ്ടെന്നും രാഹുല്‍ ആരോപിച്ചു. തെളിവുകള്‍ ഇല്ലാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കുന്നതായും രാഹുല്‍ ആരോപിച്ചു.


