ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ജനാധിപത്യമില്ലെന്നും പ്രധാനമന്ത്രിക്കെതിരേ നിലകൊള്ളുന്നവരെ തീവ്രവാദികളാക്കി മുദ്രകുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു.
കര്‍ഷക സമരത്തിന് പിന്തുണയുമായി രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് രാഹുല്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. ഇന്ത്യയില്‍ ജനാധിപത്യമില്ല. ജനാധിപത്യം ഉണ്ടെന്ന് നിങ്ങളില്‍ ചിലര്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും ഭാവന മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.
തന്റെ ഉറ്റ ചങ്ങാതിമാര്‍ക്കു വേണ്ടി പണം ഉണ്ടാക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഇതിനെതിരേ സംസാരിക്കുന്നവരെ അവര്‍ തീവ്രവാദികളായി ചിത്രീകരിക്കും. അതിപ്പോള്‍ കര്‍ഷകരാകട്ടെ, തൊഴിലാളികളാകട്ടെ, സാക്ഷാല്‍ മോഹന്‍ ഭാഗവത് ആകട്ടെ ആരുമായാലും അങ്ങനെതന്നെയായിരിക്കും അനുഭവം- രാഹുല്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി ഒന്നിനും കൊള്ളാത്ത മനുഷ്യനാണ്. അദ്ദേഹത്തിന് ഒന്നിനെക്കുറിച്ചും ഒന്നും അറിയില്ല. പക്ഷേ, എല്ലാം അറിയുന്ന മൂന്നു നാല് പേര്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഭരിക്കുന്നത്. ഇക്കാര്യം രാജ്യത്തെ എല്ലാ ജനങ്ങളും യുവാക്കളും മനസിലാക്കിയിരിക്കണമെന്നും രാഹുല്‍ പറഞ്ഞു.
പുതിയ കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. നേരത്തേ, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു. പിന്നീട് മൂന്നു പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയത്.