ഡൽഹി: റഷ്യൻ (Russia) യുദ്ധം നടക്കുന്ന യുക്രൈനിൽ നിന്നും ഇന്ത്യൻ പൌരന്മാരെ തിരികെയെത്തിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ കടമയാണെന്നും ഔദാര്യമല്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി (Rahul Gandhi). ട്വിറ്ററിൽ രക്ഷാപ്രവർത്തനത്തെ കുറിച്ചുള്ള വിദ്യാർത്ഥികളുടെ പ്രതികരണം പങ്കുവെച്ചാണ് രാഹുലിന്റെ വിമർശനം.
Evacuation is a Duty, not a Favour. pic.twitter.com/LgW6fifoG4
— Rahul Gandhi (@RahulGandhi) March 3, 2022
നേരത്തെയും യുക്രൈൻ രക്ഷാദൌത്യവിഷയത്തിൽ രാഹുൽ പ്രതികരിച്ചിരുന്നു. എത്രപേര്‍ യുക്രൈനില്‍ (Russia Ukraine crisis) കുടുങ്ങി കിടക്കുന്നുവെന്നും എത്ര വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തിയെന്നുമുള്ള കാര്യങ്ങള്‍ രാജ്യത്തെ ജനങ്ങളുമായി പങ്കുവെക്കണമെന്നും യുക്രൈന്‍ രക്ഷാദൗത്യത്തിന്‍റെ (Ukraine Rescue) വിശദവിവരങ്ങളറിയിക്കണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മേഖലകള്‍ തിരിച്ചുള്ള രക്ഷാദൗത്യ പദ്ധതി എന്ന ആശയവും രാഹുല്‍ഗാന്ധി ഉയർത്തിയിരുന്നു.
അതേ സമയം, ഓപ്പറേഷന്‍ ഗംഗയിലൂടെ യുക്രൈനില്‍ കുടുങ്ങിയ മൂവായിരത്തിലധികം വിദ്യാർത്ഥികളെ ഇന്ന് ഇന്ത്യയില്‍ തിരികെ എത്തിച്ചു. നാല് വ്യോമസേന വിമാനങ്ങളും രക്ഷാദൗത്യത്തിന്‍റെ ഭാഗമായി. ആകെ 19 വിമാനങ്ങളാണ് ഇന്ന് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി കേന്ദ്രസർക്കാർ തിരികെ എത്തിക്കുമെന്നും പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു.
അതേ സമയം, യുക്രൈനില്‍ കുടുങ്ങികിടക്കുന്ന ഇന്ത്യന്‍ വിദ്യാർത്ഥികളെ റഷ്യ വഴി രക്ഷപ്പെടുത്താനുള്ള നീക്കം ഇനിയും വൈകുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമർ പുടിനും തമ്മിലുള്ള ചർച്ചയില്‍ റഷ്യ വഴി വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ തീരുമാനമനുസരിച്ചുള്ള രക്ഷാദൗത്യത്തിന് ഇനിയും നടപടി ആയിട്ടില്ല.
നിരവധി പേര്‍ ഇപ്പോഴും റെയില്‍വെ സ്റ്റേഷനില്‍ കുടുങ്ങി കിടക്കുകയാണ്. അപകടരമായ സ്ഥിതിയാണെന്നും എംബസി നിർദേശിച്ച സ്ഥലങ്ങളിലേക്ക് പോകാനായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിനിടെ ഇന്ത്യന്‍ വിദ്യാർത്ഥികളെ യുക്രൈന്‍ ബന്ദികളാക്കി വച്ചിരിക്കുന്നതായുള്ള ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. യുക്രൈന്‍ വിദ്യാർത്ഥികളെ ഒഴിപ്പിക്കാന്‍ സഹകരിക്കുന്നുണ്ട്. നിരവധി പേര്‍ക്ക് കാര്‍ഖീവ് വിടാനായിട്ടുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ അധ്യക്ഷതയില്‍ പാര്‍ലമെന്‍ററി കമ്മറ്റി ചേർന്ന് യുക്രൈന്‍ വിഷയം ചർച്ച ചെയ്തു. 21 അംഗ സമിതിയില്‍ രാഹുല്‍ഗാന്ധി, ശശി തരൂര്‍ ആനന്ദ് ശർമ എന്നീ കോണ്‍ഗ്രസ് എംപിമാരും പങ്കെടുത്തു. മികച്ച ചർച്ചയായിരുന്നുവെന്ന് യോഗത്തിന് ശേഷം തരൂര്‍ ട്വീറ്റ് ചെയ്തു.