രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ”; വിവാദ പ്രസ്താവനയുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍

ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കർണാടക ബിജെപി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പരിഹസിച്ചുള്ള കർണാടക കോൺഗ്രസിന്റെ ട്വീറ്റ് ഏറെ വിവാദമായതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെതിരേ ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

‘ആരാണ് രാഹുൽ ഗാന്ധി?. ഞാനത് പറയുന്നില്ല. രാഹുൽ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളിൽ വന്നതുമാണ്. ഒരുപാർട്ടിയ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല’ – നളിൻ കുമാർ പറഞ്ഞു.

അതേസമയം രാഹുലിനെതിരേ നളിൻ കുമാർ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാൻ ‘അങ്കുതാ ഛാപ്’ എന്ന പ്രയോഗം ഉപയോഗിച്ച കോൺഗ്രസിന്റെ ട്വീറ്റിനെതിരേ നേരത്തെ കർണാടക ബിജെപി വ്യാപകമായ പ്രതിഷേധം ഉയർത്തിയിരുന്നു. അതേസമയം പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ മോദിക്കെതിരേ മോശം പരാമർശം വന്നതിൽ ശിവകുമാർ ഖേദം പ്രകടിപ്പിച്ചിരുന്നു. പാർട്ടിയുടെ സോഷ്യൽ മീഡിയ ടീം ട്വീറ്റ് പിൻവലിച്ചതായും ശിവകുമാർ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News