ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വൈറസ് അതിവേഗം ഉയരുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ലോക്ക്ഡൗണിന്റെ ലക്ഷ്യം പരാജയപ്പെട്ടതിന്റെ ഫലമാണ് രാജ്യം ഇപ്പോള്‍ നേരിടുന്നതെന്നും രാഹുല്‍ പറഞ്ഞു.
ലോക്ക്ഡൗണിന്റെ നാലു ഘട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപദേശകരും പ്രതീക്ഷിച്ച ഫലം നല്‍കിയിട്ടില്ല. മേയ് മാസത്തോടെ രോഗം അവസാനിക്കുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രോഗവ്യാപനം ഇപ്പോള്‍ വര്‍ധിച്ചിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
പല സംസ്ഥാന മുഖ്യമന്ത്രിമാരുമായി താന്‍ സംസാരിച്ചിരുന്നു. അവര്‍ ഏകാന്തമായ പോരാട്ടമാണ് കോവിഡിനെതിരേ നടത്തുന്നത്. കേന്ദ്രം ഒരു തരത്തിലുള്ള പിന്തുണ പോലും അവര്‍ക്ക് നല്‍കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു. തങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായി കുടിയേറ്റ തൊഴിലാളികള്‍ പോലും തന്നോട് നേരിട്ട് പറഞ്ഞതായി രാഹുല്‍ പറഞ്ഞു.