രാഹുല്‍ ഈശ്വറിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി; രാഹുലിനെ പൂജപ്പുര സബ്ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. രാഹുലിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കോടതിയില്‍ ഒരു മണിക്കൂറോളം നീണ്ട ശക്തമായ വാദപ്രതിവാദത്തിന് ഒടുവിലാണ് രാഹുലിന് കോടതി ജാമ്യം നിഷേധിച്ചത്. തന്റെ അറസ്റ്റ് നിയമപരമല്ലെന്നും നോട്ടീസ് നല്‍കിയില്ലെന്നും രാഹുല്‍ കോടതിയില്‍ വാദിച്ചെങ്കിലും കോടതി മുഖവിലക്കെടുത്തില്ല. ശക്തമായ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ രാഹുല്‍ ചെയ്ത വീഡിയോകളും ജഡ്ജി കണ്ടു. ഇതിന് ശേഷമാണ് റിമാന്‍ഡ് ചെയ്തത്. രാഹുലിനെ പൂജപ്പുര സബ്ജയിലിലേക്ക് മാറ്റും.

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതി സമാന കുറ്റകൃത്യം മുന്‍പും ചെയ്തിട്ടുള്ളയാള്‍. അതിജീവിതയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കും. കുറ്റകൃത്യത്തിനു ഉപയോഗിച്ച ഇലക്ട്രോണിക്ക് ഡിവൈസുകള്‍ പിടിച്ചെടുക്കണം. കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. രാഹുലിന്റെ ല്ാപ്‌ടോപ്പില്‍ നിന്നും ഇരയുടെ ചിത്രങ്ങള്‍ കണ്ടെടുത്തുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

രാഹുല്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. അതിജീവിതയെ അപമാനപ്പെടുത്തി, അതിജീവിതയുടെ ചിത്രങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നും ആരോപിക്കുന്നു. നേരത്തെ രാഹുല്‍ ഈശ്വറിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി രാഹുലിന്റെ ലാപ്ടോപ് പിടിച്ചെടുത്തിരുന്നു.

അതേസമയം തന്റെ കാര്യത്തില്‍ സുപ്രീംകോടതി വിധികളുടെ നഗ്‌നമായ ലംഘനമാണ് നടക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.അര്‍ണേഷ് കുമാര്‍ ജഡ്ജ്മെന്റിന്റെ നഗ്‌നമായ ലംഘനമാണിത്. ഏഴ് വര്‍ഷത്തില്‍ താഴെയാണെങ്കില്‍ സ്റ്റേഷന്‍ ജാമ്യം കൊടുക്കേണ്ടതാണ്’ എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

‘രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണം എന്നാണ് ആവശ്യപ്പെട്ടത്, എന്നാല്‍ വീഡിയോ ചെയ്യുന്നത് നിര്‍ത്തില്ല’ എന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. അതിജീവിതയുടെ പരാതിയില്‍ ഇന്നലെ രാത്രിയാണ് രാഹുല്‍ ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന ആരോപണം രാഹുല്‍ നിഷേധിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനായി ഇനിയും പ്രതികരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News