രാഹുൽ ഈശ്വറെ പോലീസ് കസ്റ്റഡിയിൽവിട്ടു; ഡിജിറ്റൽ തെളിവുകൾക്കായി ടെക്നോ പാർക്കിലെ ഓഫീസ് പരിശോധിക്കും

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയ യുവതിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറെ വ്യാഴാഴ്ച വൈകിട്ട് അഞ്ചുവരെ കസ്റ്റഡിയിൽ വിട്ടു. രാഹുലിന്റെ പ്രൊഡക്ഷൻ വാറന്റ് ഇന്ന് കോടതിയിൽ വന്നിരുന്നു. തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ആണ് കേസന്വേഷിക്കുന്നത്.

അതിജീവിതയെ അപമാനിക്കാൻ ഉപയോഗിച്ച ഫോട്ടോകൾ, ടെക്സ്റ്റുകൾ തുടങ്ങിയവ അടങ്ങിയ പെൻഡ്രൈവ് ഡിജിറ്റൽ സാമഗ്രികൾ ടെക്നോ പാർക്കിലെ ഓഫീസിലുണ്ടെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഇവിടെനിന്ന് ഇത് എടുക്കേണ്ടതുണ്ടെന്നാണ് പോലീസ് കോടതിയിൽ അറിയിച്ചത്. ഇത് ശരിവെച്ച കോടതി വ്യാഴാഴ്ച വൈകിട്ട് അഞ്ചുവരെ രാഹുൽ ഈശ്വറെ കസ്റ്റഡിയിൽ വിടുകയായിരുന്നു.

ഡിജിറ്റൽ തെളിവുകളും സാമഗ്രികളും ഓഫീസിൽനിന്ന് എടുത്തശേഷം വ്യാഴാഴ്ച വൈകിട്ട് തിരിച്ച് കോടതിയിൽ ഹാജരാക്കും. പിന്നീട് തിരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. വെള്ളിയാഴ്ച രാഹുൽ ഈശ്വറിന് പുതിയ ജാമ്യാപേക്ഷ നൽകാം.

രാഹുലിനെതിരേ ബലാത്സംഗ പരാതി നൽകിയ യുവതിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയാണ് റിമാൻഡ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News