അഹമ്മദാബാദ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇന്ത്യ. ഈ ലോകകപ്പിലെ മികച്ച ടീമായിരുന്നിട്ടും കലാശപ്പോരില്‍ പൊരുതാന്‍ പോലുമാകാതെ ഇന്ത്യ കീഴടങ്ങുകയായിരുന്നു. ആറ് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ ആറാം ലോകകിരീടം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഓസ്‌ട്രേലിയ മറികടന്നത്.
ഇന്ത്യയുടെ നാലാം ലോകകപ്പ് ഫൈനല്‍ ആയിരുന്നു ഇത്. 1983 ലും 2011 ലും ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ 2003 ലെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഓസ്‌ട്രേലിയയോട് തോന്ന് ഇന്ത്യ പരാജയം രുചിക്കുകയായിരുന്നു. 2003 ല്‍ ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ പരിശീലകത്വത്തിന് കീഴിലായിരുന്നു ഇത്തവണ ഇന്ത്യ ഇറങ്ങിയത്.
ഈ ലോകകപ്പിലെ മികച്ച ടീമാക്കി ഇന്ത്യയെ മാറ്റിയെടുക്കാന്‍ ദ്രാവിഡിന് സാധിച്ചിരുന്നു. 2003 ലെ ലോകകപ്പിന് സമാനമായിരുന്നു ഇന്ത്യ ഈ ലോകകപ്പിലും മുന്നേറിയത്. എന്നാല്‍ അല്‍പം കൂടി സന്തുലിതമായിരുന്നു ഇത്തവണത്തെ ടീം. ബാറ്റിംഗില്‍ ആദ്യ അഞ്ച് ബാറ്റ്‌സ്മാന്‍മാരും മികച്ച ഫോമില്‍. അഞ്ച് ബൗളര്‍മാരും ഒന്നിനൊന്ന് മെച്ചം. ഈ ടീം കപ്പ് നേടുമെന്ന് തന്നെ പലരും കരുതി.
എന്നാല്‍ അപ്രതീക്ഷിതമായി ഇതേ ടീം തന്നെ ലോകകപ്പ് ഫൈനലില്‍ തകര്‍ന്നടിയുകയായിരുന്നു. 2003 ലെ ഫൈനല്‍ ദുരന്തത്തിലെ ടീം അംഗമായിരുന്ന ദ്രാവിഡിന്റെ കീഴിലാണ് ഇന്ത്യ 2007 ലെ ലോകകപ്പില്‍ മത്സരിച്ചത്. ആ വര്‍ഷം പ്രാഥമിക റൗണ്ടില്‍ തന്നെ ഇന്ത്യ തോറ്റു പുറത്തായി. അതിനാല്‍ തന്നെ ഇന്നലെ ഒരു കിരീടം ദ്രാവിഡും ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എല്ലാം വിഫലമായി.