KeralaNews

കേരളമേ… ആ നിരപരാധിയുടെ ചുടുരക്തത്തിൽ നിങ്ങള്‍ക്കും പങ്കുണ്ട്’; കുറ്റബോധം വേട്ടയാടുമെന്ന് വി ടി ബല്‍റാം,ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. കേരളമേ, നിങ്ങളിത് കേൾക്കുന്നുണ്ടോയെന്ന് ചോദിച്ച് കൊണ്ടാണ് ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. രാഷ്ട്രീയ പാർട്ടിക്കാരനായ ഏതെങ്കിലുമൊരാൾ ഒരു കൊലപാതകം നടത്തി എന്നതല്ല വാർത്ത, മറിച്ച് ഒരു രാഷ്ട്രീയ പാർട്ടി തന്നെ മറ്റൊരു പാർട്ടിയിലെ ഒരു യുവ പ്രവർത്തകനെ കൊല്ലാൻ നേരിട്ട് ആളെ ഏർപ്പെടുത്തി എന്നതാണ് തുറന്നു പറച്ചിൽ.

ആ ക്വട്ടേഷൻ ഏറ്റെടുത്ത് തനിക്ക് യാതൊരു വ്യക്തിവിദ്വേഷവും ഇല്ലാത്ത, നേരിട്ട് പരിചയം പോലുമില്ലാത്ത, ഒരു ചെറുപ്പക്കാരനെ അതിക്രൂരമായി വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ തയ്യാറായ ക്രിമിനൽ സ്വയമിതാ പുറത്തുവന്നു തന്നെ നിയോഗിച്ചവരേക്കുറിച്ച് തുറന്ന് പറയുകയാണെന്ന് ബല്‍റാം കുറിച്ചു. കേരളമേ, നിരപരാധിയായ ആ ചെറുപ്പക്കാരന്റെ ചുടുരക്തത്തിൽ നിങ്ങളോരോരുത്തർക്കും പങ്കുണ്ട്.

കാരണം, ഇതുപോലെയുള്ള കൊടും ക്രൂരതകൾ നേരിട്ടുതന്നെ ചെയ്യാൻ മടിയില്ലാത്തവരാണെന്ന് ഒരുപാട് തവണ തുറന്നുകാട്ടപ്പെട്ടിട്ടും സിപിഎം എന്ന പാർട്ടിയേയും അതിന്റെ നേതാക്കളേയും രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച് അവർക്ക് ഭരണവും തുടർ ഭരണവും നൽകിയ മുഴുവനാളുകൾക്കും പാർട്ടി തീരുമാനപ്രകാരം കൊത്തിനുറുക്കപ്പെട്ട നിരവധി ഷുഹൈബുമാരുടെ ചോരയിൽ പങ്കുണ്ട്. മനസാക്ഷി എന്ന് ഒന്ന് പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ലെങ്കിൽ ഈ മൗനത്തിന്റേയും ഒത്താശയുടേയും ന്യായീകരണത്തിന്റേയും കുറ്റബോധം നിങ്ങളെ വേട്ടയാടുകതന്നെ ചെയ്യുമെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു:

പേരിന്റെ അറ്റത്ത് തില്ലങ്കേരി എന്ന് എഴുതിയാൽ നാട്ടിൽ എന്ത് അരാജകത്വവും ആകാമെന്ന് കരുതുന്ന ഒരു പറ്റം CPM കാരുടെ ഫേസ്ബുക്ക് വഴിയുള്ള പോർവിളികളും വെളിപ്പെടുത്തലുകളും കാണുകയായിരുന്നു.

വായിക്കുമ്പോഴത്രയും ആശങ്കയോടെ ഓർത്തത് ആ നാട്ടിലെ പാർട്ടിക്കാരല്ലാത്ത സാധാരണ മനുഷ്യരെ പറ്റിയാണ്.

എത്ര അരക്ഷിത ബോധത്തിലൂടെയായിരിക്കും അവരുടെയൊക്കെ ജീവിതം കടന്നുപോകുന്നത്.

നാട്ടിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകരുടെ ധൈര്യത്തെക്കുറിച്ച് അഭിമാനം കൊള്ളുമ്പോൾ തന്നെ അവരുടെ ജീവനെക്കുറിച്ചുള്ള ആശങ്കയുണ്ട്.

ഈ ക്രിമിനലുകളോട് ഓർമ്മപ്പെടുത്താനുള്ളത് തില്ലങ്കേരി ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ല, ഇന്ത്യ എന്ന രാജ്യത്തെ ഒരു ഗ്രാമം മാത്രമാണ്.

ആ ഗ്രാമത്തിന് എന്നല്ല , ഈ ജനാധിപത്യ രാജ്യത്തിന് തന്നെ അപമാനമാണ് ഈ അക്രമിക്കൂട്ടം..

കൊലപാതകത്തെക്കുറിച്ചും പിടിച്ചുപറിയെക്കുറിച്ചും വെട്ടിനെക്കുറിച്ചും തല കൊയ്യുന്നതിനെക്കുറിച്ചും എത്ര ലളിതമായാണ് ഈ സിപിഎം കൊട്ടേഷൻ സംഘങ്ങൾ സംസാരിക്കുന്നത്. ആ സംസാരിക്കുവാനുള്ള അവരുടെ ധൈര്യം പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നതാണ്.

ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിനെ കൊന്നതെന്ന് എം.വി ജയരാജൻ വിളിച്ചു പറയുമ്പോൾ ഒരു സംശയം ബാക്കിയാണ്, പിന്നെ എന്തിനാണ് പിണറായി സർക്കാർ 88 ലക്ഷം രൂപ പൊതുഖജനാവിൽ നിന്ന് ചെലവാക്കി ഈ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയല്ല എന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചത്.

പേ പിടിച്ച് കടിച്ചവനെ കിട്ടി , ഇനി കെട്ടഴിച്ചു വിട്ടവനെ കിട്ടണം ….

സത്യം കരിമ്പടം നീക്കി വരും നാളുകളിൽ പുറത്ത് വരുക തന്നെ ചെയ്യും.

പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്നും  എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നുമാണ് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തിയത്.  ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്.  ആകാശിന്റെ വാക്കുകൾ വാർത്തയായതോടെ ആകാശ് തില്ലങ്കേരിയെ പരാമർശിക്കുന്ന പോസ്റ്റ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് ഡിലീറ്റ് ചെയ്തിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button