രാഘവ് ഛദ്ദ ആംആദ്മി വിട്ടു; ബി.ജെ.പിയിലേക്ക്, ഹർഭജൻ സിങ്ങും സ്വാതി മലിവാളും അടക്കം 6 എം.പിമാർ ഒപ്പം

ആംആദ്മിയിൽ പിളർപ്പ്; രാഘവ് ഛദ്ദയ്ക്കൊപ്പം ഹർഭജൻ സിങ്ങും സ്വാതി മലിവാളും; 6 എം.പിമാർ BJP-യിലേക്ക്

ന്യൂഡൽഹി: ആംആദ്മി (എ.എ.പി.) പാർട്ടിയിൽ വൻപിളർപ്പ്. പ്രമുഖ നേതാവ് രാഘവ് ഛദ്ദയടക്കം ആറ് എം.പിമാർ ബി.ജെ.പിയിലേക്ക്. ആംആദ്മി പാർട്ടിയുടെ 10 എം.പിമാരിൽ മൂന്നിൽ രണ്ട് ഭാഗവും ബിജെപിയിൽ ലയിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ ഛദ്ദ അറിയിച്ചിരുന്നു.

ഹർഭജൻ സിങ്, സ്വാതി മലിവാൾ, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി, അശോക് മിത്തൽ, സന്ദീപ് പഠക് എന്നിവരും ബിജെപിയിൽ ലയിക്കുന്നവരിൽ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആഴ്ചകൾക്ക് മുമ്പ് ഛദ്ദയെ തരംതാഴ്ത്തിയ പാർട്ടി അധ്യക്ഷനും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് ഇത് കനത്ത തിരിച്ചടിയാണ്.

നേരത്തേ പാർട്ടിയുമായി അകൽച്ചയിലായിരുന്നു ഛദ്ദ. ആംആദ്മി പാർട്ടി രൂപീകരിക്കുമ്പോൾ ഉണ്ടായിരുന്ന എല്ലാ മൂല്യങ്ങളിൽനിന്നും ആ പാർട്ടി ഇപ്പോൾ അകന്നിരിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു.

'ഞങ്ങൾ ഇതിൽ ഒപ്പിട്ടു, (ബിജെപിയിൽ ലയിക്കാനുള്ള തീരുമാനം) രാജ്യസഭാ ചെയർമാന് അയച്ചുകൊടുത്തു. അഴിമതിക്കെതിരെ പോരാടുമെന്ന വാഗ്ദാനവുമായി ഒരിക്കൽ ഡൽഹിയിൽ അധികാരത്തിൽ വന്ന പാർട്ടി, ഇപ്പോൾ സത്യസന്ധമായ രാഷ്ട്രീയത്തിൽനിന്ന് അകന്നുപോയി.' അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'തെറ്റായ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ശരിയായ മനുഷ്യനായിരുന്നു ഞാൻ. അതുകൊണ്ടുതന്നെ ഞാൻ ആംആദ്മി പാർട്ടി വിട്ട് പോവുകയാണ്, അതായത്, ഞാൻ കുറച്ചുകൂടി ജനങ്ങളുടെ അടുത്തേക്ക് പോകുകയാണ്.' ഛദ്ദ പറഞ്ഞു.

'പതിനഞ്ചു വർഷമാണ് എ.എ.പിക്കു വേണ്ടി ഞാൻ സമർപ്പിച്ചത്. ഇപ്പോൾ സത്യസന്ധമായ രാഷ്ട്രീയത്തിൽനിന്ന് പാർട്ടി അകന്നുപോയിരിക്കുന്നു. ' ഛദ്ദ പറഞ്ഞു. ബിജെപിയിൽ ചേർന്നതിന് ശേഷം ചദ്ദയെ കേന്ദ്രമന്ത്രി ആക്കിയേക്കുമെന്ന് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

തനിക്കു മുന്നിൽ രണ്ട് മാർഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ഛദ്ദ പറഞ്ഞു; ഒന്നുകിൽ രാഷ്ട്രീയം ഉപേക്ഷിക്കുക അല്ലെങ്കിൽ ശരിയായ കാര്യങ്ങൾ ചെയ്യുക. ഞാൻ രണ്ടാമത്തേത് തിരഞ്ഞെടുത്തു. കഴിഞ്ഞ ആറേഴു മാസമായി താൻ എ.എ.പിയിൽനിന്ന് രാജിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു എന്ന് ഛദ്ദയോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പാഠക് പറഞ്ഞു.

പ്രമുഖരുടെ ഈ പുറത്തുപോക്കിന് ശേഷം എഎപിയിൽ അവശേഷിക്കുന്നത് സന്ത് ബൽബീർ സിങ് സീച്ചെവാൾ, സഞ്ജയ് സിങ്, എൻഡി ഗുപ്ത എന്നീ മൂന്ന് രാജ്യസഭാ എം.പിമാരാണ്. ഛദ്ദയുടെ വാർത്താസമ്മേളനത്തിന് ശേഷം, എ.എ.പി. മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയും ബിജെപിയെ വിമർശിക്കുകയും ചെയ്തു.

2012-ൽ പാർട്ടി രൂപീകരിച്ച കാലം മുതൽ എഎപിക്കൊപ്പമുണ്ടായിരുന്ന ഛദ്ദ, അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് പിന്നാലെ 2015-ൽ ഡൽഹിയിൽ അധികാരം പിടിച്ചടക്കിയ കെജ്‌രിവാളിന്റെ വിശ്വസ്തനായ സഹായിയായി പ്രവർത്തിച്ചിരുന്നു. 'ബി.ജെ.പി. ഒരിക്കൽ കൂടി പഞ്ചാബികളെ തള്ളിക്കളഞ്ഞിരിക്കുന്നു.' എന്ന ഒറ്റവരി പ്രതികരണം മാത്രമാണ് കെജ്‌രിവാളിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

മുതിർന്ന എ.എ.പി. നേതാവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്, ഛദ്ദയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ചു. പാർട്ടി ചദ്ദയെ എം.പിയാക്കിയെങ്കിലും അദ്ദേഹം ബി.ജെ.പിയുടെ മടിയിലാണ് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

'പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ നയിക്കുന്ന എ.എ.പി. സർക്കാർ ചെയ്യുന്ന നല്ല പ്രവൃത്തികളെ തടസപ്പെടുത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ഏഴ് എ.എ.പി. രാജ്യസഭാ എംപിമാരാണ് ബിജെപിയിൽ ചേരുന്നത്. പഞ്ചാബിലെ ജനങ്ങൾ ഈ ഏഴ് പേരുകൾ ഓർക്കണം. പഞ്ചാബിലെ ജനങ്ങൾ ഇവരെ ഒരിക്കലും മറക്കില്ല.' സിങ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News