CrimeKeralaNews

റഫീക്ക് വധക്കേസ്: ജഡ്‍ജിക്കും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കും വധഭീഷണി,ഭീഷണിക്കത്ത് എത്തിയത് തപാലിലൂടെ

തിരുവനന്തപുരം: കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസിൽ വിധി പറഞ്ഞ ജഡ്‌ജിക്കും പ്രോസിക്യൂട്ടർക്കും വധഭീഷണി. തപാൽ മാർഗമാണ് ഭീഷണിക്കത്ത് എത്തിയത്.കത്ത് പൊലീസിന് കെെമാറിയിട്ടുണ്ട്. കേസിൽ ഏഴ് പേരെയാണ് കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നത്. ഏഴു ലക്ഷം രൂപ പിഴയും ഇവർക്ക് വിധിച്ചിരുന്നു.

ജഡ്ജി എസ് സുഭാഷിനും പ്രോസിക്യൂട്ടർ സലാവുദ്ദീനുമാണ് ഭീഷണി കത്ത് എത്തിയത്. സലാവൂദ്ദീന് നേരെ മുന്‍പും വധഭീഷണി ഉണ്ടായിട്ടുണ്ട്. കേസിലെ നാലാം പ്രതിയുടെ ബന്ധുവാണ് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്.നേമം വെള്ളായണി അൽതസ്ലീം വീട്ടിൽ കബീറിന്റെ മകൻ റഫീഖിനെ(24) കാറ്റാടിക്കഴ കൊണ്ട് അടിച്ചുകൊന്ന കേസിലെ ഏഴ് പ്രതികളും കുറ്റക്കാരാണെന്ന് നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തുകയായിരുന്നു.

വെള്ളായണി കാരയ്ക്കാമണ്ഡപം അമ്പലത്തിൻവിള അൻസക്കീർ മൻസിലിൽ അൻസക്കീർ(28), കാരയ്ക്കാമണ്ഡപം ശിവൻകോവിലിന് സമീപം നൗഫൽ(27), കാരയ്ക്കാമണ്ഡപം താന്നിവിള റംസാന മൻസിലിൽ ആരിഫ്(30),​ ആറ്റുകാൽ ബണ്ട് റോഡിൽ ശിവഭവനത്തിൽ സനൽകുമാർ എന്ന മാലിക് (27), കാരയ്ക്കാമണ്ഡപം ബി.എൻ.വി കോംപ്ലക്സിന് സമീപം ആഷർ(26), കാരയ്ക്കാമണ്ഡപം പൊറ്റവിള റോഡിൽ ആഷിഖ്(25), നേമം പുത്തൻവിളാകം അമ്മവീട് ലെയ്നിൽ ഹബീബ് റഹ്മാൻ(26) എന്നിവരെയാണ് ജഡ്ജി എസ്.സുഭാഷ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2016 ഒക്ടോബർ 7നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഒന്നാം പ്രതിയായ അൻസക്കീറിന്റെ അമ്മയുടെ സഹോദരനായ അബുഷക്കീറിനെ റഫീഖും സംഘവും വെട്ടിയതിലുള്ള വിരോധത്തെ തുടർന്നാണ് പ്രതികൾ റഫീഖിനെ ആക്രമിച്ചത്.

രാത്രി 9.30 ഓടെ പ്രതികൾ സംഘമായെത്തി തുലവിളയിൽവച്ച് റഫീഖിനെ കാറ്റാടിക്കഴ കൊണ്ട് അടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. പട്രോളിംഗിലായിരുന്ന നേമം പൊലീസ് സംഘത്തെ കണ്ടപ്പോൾ റഫീക്കിനെ റോഡിൽ ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു. അബോധാവസ്ഥയിൽ കിടന്ന റഫീഖിനെ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button