എമ്പുരാൻ വെറും എമ്പോക്കിത്തരം!ചിത്രം നല്‍കുന്ന സന്ദേശം വളരെ മോശം; രൂക്ഷപ്രതികരണവുമായി മുൻഡിജിപി

കൊച്ചി: മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം ‘എമ്പുരാനെ’തിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ഡിജിപി ആര്‍. ശ്രീലേഖ. ചിത്രം പറയാന്‍ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായി വന്നതല്ലെന്നും പിന്നില്‍ മറ്റെന്തോ ഉദ്ദേശലക്ഷ്യമുണ്ടെന്നും ശ്രീലേഖ പറഞ്ഞു. ചിത്രം സമൂഹത്തിന് നല്‍കുന്ന സന്ദേശം അങ്ങേയറ്റം മോശമാണ്. തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കന്ന സാഹചര്യത്തില്‍, ബിജെപിയോട് കൂറുകാണിക്കുന്നവരെ പിന്തിരിപ്പിക്കണം എന്ന ലക്ഷ്യത്തോടെ എടുത്തതാണോ ചിത്രം എന്ന് പോലും തനിക്ക്‌ സംശയമുണ്ടെന്നും അവര്‍ പറഞ്ഞു.

സ്വന്തം യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് ശ്രീലേഖ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘എമ്പുരാന്‍ എന്ന സിനിമ വെറും എമ്പോക്കിത്തരം’, എന്ന ക്യാപ്ഷനിലാണ് വീഡിയോ പങ്കുവെച്ചത്. ചിത്രത്തിന്റെ തീയറ്ററില്‍നിന്ന് ചിത്രീകരിച്ച ഭാഗങ്ങള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് മുന്‍ഡിജിപിയുടെ വ്ലോ​ഗ്.

ആര്‍. ശ്രീലേഖ പറഞ്ഞതിന്റെ പ്രസക്തഭാഗങ്ങള്‍: എമ്പുരാന്‍ കണ്ടു. കാണണ്ട എന്ന് കരുതിയിരുന്നതാണ്. മാര്‍ക്കോ എന്ന സിനിമ ഇറങ്ങിയപ്പോള്‍ ആളുകള്‍ പ്രതിഷേധം പറഞ്ഞിരുന്നത് അതിലെ വയലന്‍സിനെതിരെയായിരുന്നു. ഏകദേശം അതുപോലെയുള്ള വയലന്‍സ് ഈ സിനിമയിലും ഉടനീളമുണ്ട്. എന്നിട്ടും ഇതിനെക്കുറിച്ച് ആളുകള്‍ ആരും കാര്യമായി പറയുന്നത് കേട്ടില്ല.

ഇറങ്ങി രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ഞാന്‍ കണ്ടത്. കട്ട് ചെയ്ത എഡിഷനൊക്കെ ഇറങ്ങുന്നതിന് മുമ്പ്. ഇതിനകത്ത് ഉടനീളം പറയാന്‍ ഉദ്ദേശിക്കുന്ന മെസ്സേജ് യാദൃച്ഛികമായി വന്ന മെസ്സേജ് അല്ലന്നാണ് എന്റെ അഭിപ്രായം. ഇത് മനഃപൂര്‍വം നമ്മുടെ കേരള രാഷ്ട്രീയത്തെ, അല്ലെങ്കില്‍ രാഷ്ട്രീയ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി, കേരളത്തില്‍ ബിജെപി അല്ലെങ്കില്‍ കാവി കടക്കാന്‍ പാടില്ല, കടന്നുകഴിഞ്ഞാല്‍ കേരളം നശിക്കും എന്ന രീതിയില്‍ കാണിക്കുന്ന കുറേയധികം ചുറ്റുപാടുകളും കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും നിരന്തരം വരുന്നുണ്ട്.

കാവി വന്നുകഴിഞ്ഞാല്‍കേരളം നശിക്കും എന്നൊരു ധ്വനി സിനിമയില്‍ ഉടനീളം കൊടുക്കുന്നത് വളരെ അസഹനീയമായി തോന്നി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വരുന്നു, അതുകഴിഞ്ഞ് അടുത്ത വര്‍ഷം അസംബ്ലി തിരഞ്ഞെടുപ്പ് വരുന്നു അപ്പോ അതുകൊണ്ട് ബിജെപിയിലോട്ട് ഇങ്ങനെ കൂറ് കാട്ടി നില്‍ക്കുന്ന ആള്‍ക്കാരെ അതില്‍ നിന്ന് ഏതു വിധത്തിലും പിന്തിരിപ്പിക്കണം എന്ന ആശയത്തോടുകൂടി എടുത്തതാണോ എന്ന് പോലും എനിക്ക് സംശയമുണ്ട്.

ചിത്രം സമൂഹത്തിന് നല്‍കുന്ന സന്ദേശം അങ്ങേയറ്റം മോശമാണ്. ഇത് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത, അല്ലെങ്കില്‍ വേറൊരു രീതിയില്‍ എടുക്കേണ്ട സിനിമയായിരുന്നു. ഇങ്ങനെയൊരു രീതിയില്‍ എടുത്തതിന്റെ പിന്നില്‍ വേറൊരു ഉദ്ദേശലക്ഷ്യമുണ്ട് എന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഇതിന്റെ നിരൂപണം ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News