ആലപ്പുഴ: സിപിഎം (CPM) ആലപ്പുഴ (Alappuzha) ജില്ലാ സെക്രട്ടറിയായി ആർ നാസർ (R Nasar) തുടരും. ജില്ലാ കമ്മറ്റിയിൽ നിന്നു മൂന്നു പേരെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സമിതി അംഗം സജി ചെറിയാൻ (Saji Cherian) ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവായി.
ഡി ലക്ഷ്മണൻ ,ബി രാജേന്ദ്രൻ, വിശ്വംഭരപണിക്കർ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കിയത്. ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആർ രാഹുൽ, പ്രസിഡന്റ് ജയിംസ് സാമുവൽ, കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണൻ ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരെ പുതുതായി ഉൾപ്പെടുത്തി.
പുതുതായി ഉൾപ്പെടുത്തിയവരെല്ലാം സജി ചെറിയാനെ അനുകൂലിക്കുന്നവർ ആണ്.
സിപിഎമ്മിലെ വിഭാഗീയതയ്ക്കെതിരെയും മുഖ്യമന്ത്രി പാർട്ടിയംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ആരെയും ചാരി നിൽക്കരുത്. വിഭാഗീയത അവസാനിപ്പിക്കണം. ഇല്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകും. ചില സഖാക്കളെ കുറിച്ച് പറഞ്ഞ വിമർശനം സംബന്ധിച്ച്, അത് ശരിയാണോ എന്ന് അവർ സ്വയം പരിശോധിക്കണം. വിഭാഗീയതയിൽ കടുത്ത നടപടി ഉണ്ടാകും. വിഭാഗീയതയ്‌ക്ക് ആരൊക്കെ ആണ് നേതൃത്വം നൽകുന്നത് എന്ന് കൃത്യമായി അറിയാം. അവർ തിരുത്തണം, അല്ലെങ്കിൽ തിരുത്തിക്കും.
സിപിഐ സിപിഎമ്മിന്റെ ശത്രുവല്ല. സിപിഐ ശത്രുതയോടെ കാണരുത്. കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ നിയന്ത്രിക്കാൻ പോകണ്ട. വരുതിക്ക് നിർത്തണമെന്ന് മോഹം വേണ്ട. എൻസിപി എൽഡിഎഫിന്റെ ഘടകകക്ഷിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിച്ചു.
സിപിഎമ്മിലെ വിഭാഗീയ പ്രശ്നങ്ങൾ തുറന്നുകാട്ടിയാണ് ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. സിപിഐ അടക്കം ഘടകകക്ഷികൾക്കെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്.
ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സിപിഎമ്മിൻ്റെ ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി,മാന്നാർ ഏരിയ സമ്മേളനങ്ങൾ കലുഷിതമായിരുന്നു. പാർട്ടിക്ക് നാണക്കേടുണ്ടാക്കും വിധം ഹരിപ്പാട് ഉൾപ്പെടെ സമ്മേളനങ്ങളിൽ സംഘടന മര്യാദ പോലും ലംഘിച്ചും നേതാക്കൾ പെരുമാറിയെന്നും ഇവിടെങ്ങളിൽ തിരുത്തൽ നടപടി ആവശ്യമാണെന്ന് സമ്മേളന റിപ്പോർട്ട് പറയുന്നു.
ആരെയും ചാരി നിന്ന് സംഘടന പ്രവർത്തനം നടത്തരുതെന്ന് പ്രതിനിധി സമ്മേളനത്തിൽ പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള മുന്നറിയിപ്പ് നൽകി. നിയമസഭാ തിരഞ്ഞെടുപ്പിലെ ഘടക കക്ഷികളുടെ പോരായ്മകൾ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. ചേർത്തലയിൽ മണ്ഡലത്തിന് പുറത്തു നിന്ന് വന്ന പി പ്രസാദിനെ അവസാന നിമിഷം പോലും സിപിഐ അംഗീകരിച്ചില്ല.
കുട്ടനാട്ടിലെ സ്ഥാനാർഥി തോമസ് കെ തോമസ് പൊതുസ്വീകാര്യനല്ലായിരുന്നുവെന്നും എന്നാൽ എൻസിപിക്ക് വേണ്ടി സിപിഎമ്മിന് ആ സ്ഥാനാർത്ഥിയെ അംഗീകരിക്കേണ്ടി വന്നുവെന്നും പ്രവർത്തനറിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് അമ്പലപ്പുഴ,ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിന് ശേഷമുണ്ടായ പ്രശ്‌നങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.