കൊട്ടാരക്കര : പത്തനാപുരം എംഎൽഎയും നടനുമായ ഗണേഷ് കുമാർ വിൽപത്രത്തിൽ കൃത്രിമം നടത്തിയെന്ന ആരോപണവുമായി സഹോദരി ഉഷാ മോഹന്‍ദാസ് രംഗത്ത് എത്തിയത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സാക്ഷി പ്രഭാകരൻ പിള്ള.
വിൽപത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നത് ബാലകൃഷ്ണപിള്ളയ്ക്കും ആധാരം എഴുത്തുകാരനും തനിക്കും മാത്രമായിരുന്നെന്നും പ്രഭാകരൻ പിള്ള പറഞ്ഞു.
2020 ആഗസ്റ്റ് 9 നാണ് വിൽപത്രം തയാറാക്കിയത്. ഗണേഷിന് വിൽപത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ല. ബാലകൃഷ്ണ പിള്ളയുടെ മരണ ശേഷം മാത്രമാണ് വിൽപത്രത്തിന്റെ വിശദാംശങ്ങൾ മക്കൾ അറിഞ്ഞതെന്നും സാക്ഷി പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.
ഈ വില്പത്രത്തെക്കുറിച്ചുള്ള പരാതിയുമായി ഗണേഷിൻ്റെ മൂത്ത സഹോദരി ഉഷ മോഹൻദാസ് മുഖ്യമന്ത്രിയെയും സിപിഐഎം നേതൃത്വത്തെയും സമീപിച്ചിരുന്നു. രണ്ട് പെൺമക്കൾക്ക് കൂടുതൽ സ്വത്ത് കിട്ടുന്ന തരത്തിൽ ആയിരുന്നു ആദ്യം വിൽപത്രം തയ്യാറാക്കിയിരുന്നത്. എന്നാൽ ആരോഗ്യസ്ഥിതി വഷളായപ്പോൾ പിള്ളയെ പരിചരിച്ചിരുന്നത് ഗണേഷ് കുമാർ ആയിരുന്നു. അപ്പോൾ വീണ്ടും മറ്റൊരു വിൽപത്രം കൂടി തയ്യാറാക്കി എന്നാണ് ആരോപണം. ഈ ആരോപണമാണ് വിൽപത്രത്തിൻ്റെ സാക്ഷി പ്രഭാകരൻ പിള്ള നിഷേധിച്ചത്.