ലണ്ടൻ:സ്കോട്ലന്‍ഡിലെ ബാൽമോറൽ കൊട്ടാരത്തിൽ രാജകുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ മരണം. ബ്രിട്ടിഷ് ചരിത്രത്തിലെ ഒരു യുഗാന്ത്യത്തിന്റെ ദുഃഖാചരണത്തിലാണ് രാജ്യം. രാജ്ഞിയുടെ മരണ ദിവസം ഡി–ഡേ എന്നാണു യുകെയിൽ അറിയപ്പെടുക. ഇന്നു മുതലാണു സംസ്കാര ചടങ്ങുകൾക്കു തുടക്കമാകുക. രാജ്ഞിയുടെ ഭൗതിക ശരീരം ലണ്ടനിലെത്തിച്ച ശേഷം വെസ്റ്റിമിൻസ്റ്റർ ഹാളിൽ നാലു ദിവസമാണു പൊതുദർശനത്തിനു വയ്ക്കുക. കൊട്ടാരത്തിന്റെ ഏറ്റവും പുരാതനമായ ഭാഗമാണ് ഈ ഹാൾ.
2002 ൽ രാജ്ഞിയുടെ മാതാവ് മരിച്ചപ്പോഴാണ് ഒടുവിൽ ഇവിടെ ഭൗതിക ശരീരം പൊതു ദർശനചടങ്ങു നടത്തിയത്. രണ്ടു ലക്ഷത്തിലേറെ പേരാണ് അന്ന് ഒഴുകിയെത്തിയത്. വെസ്റ്റ്മിൻസ്റ്റർ ഹാളിന്റെ മരം കൊണ്ടുള്ള മേൽക്കൂര 11–ാം നൂറ്റാണ്ടിൽ നിർമിച്ചതാണ്. ഹാളിൽ തറയിൽനിന്ന് ഉയർന്ന പ്രതലത്തിലാണ് രാജ്ഞിയുടെ ഭൗതിക ശരീരം വഹിക്കുന്ന പെട്ടി വയ്ക്കുക. ഇതിന്റെ ഒരോ മൂലയിലും സൈനികരുടെ കാവലുണ്ടാകും. ബക്കിങ്ങാം കൊട്ടാരത്തിൽനിന്ന് സൈനികരും രാജകുടുംബാംഗങ്ങളും ഭൗതിക ശരീരത്തോടൊപ്പം വെസ്റ്റ് മിൻസ്റ്റർ ഹാളിലേക്ക് അകമ്പടിയായി വരും.
ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള യാത്ര ആളുകൾക്കു തെരുവോരങ്ങളിൽനിന്ന് കാണാം. ലണ്ടനിലെ റോയൽ പാർക്കുകളിൽ ബിഗ് സ്ക്രീനുകളിലും ചടങ്ങ് ബ്രോഡ്കാസ്റ്റ് ചെയ്യും. ശവമഞ്ചത്തിനു മുകളിൽ രാജപതാക വിരിക്കും. അതിനു മുകളിൽ കിരീടം, ചെങ്കോല്‍, ഓർബ് (കുരിശു ചിഹ്നം ഉള്ള ഗോളം) എന്നിവ സ്ഥാപിക്കും. ഇതിനു ശേഷമായിരിക്കും പൊതുജനങ്ങൾക്കു ഹാളിലേക്കു പ്രവേശനം. രണ്ടാഴ്ചയ്ക്കുള്ളിൽ വെസ്റ്റ്മിൻസ്റ്റർ ആബെയിൽ രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇക്കാര്യം ബക്കിങ്ങാം കൊട്ടാരം സ്ഥിരീകരിക്കേണ്ടതുണ്ടെന്നു ബിബിസി റിപ്പോർട്ട് ചെയ്തു.
വെസ്റ്റ്മിന്‍സ്റ്റർ ആബെ പള്ളിയിലാണു രാജാക്കൻമാരുടേയും രാജ്ഞിമാരുടേയും കിരീടധാരണം നടക്കുന്നത്. 1953ൽ എലിസബത്ത് രാജ്ഞിയുടെ പട്ടാഭിഷേകവും 1947ൽ ഫിലിപ് രാജകുമാരനുമായുള്ള വിവാഹവും നടന്നത് ഇവിടെയാണ്. 18–ാം നൂറ്റാണ്ടിനു ശേഷം ഇവിടെ രാജാവിന്റെയോ, രാജ്ഞിയുടേയോ സംസ്കാരച്ചടങ്ങുകൾ നടന്നിട്ടില്ല. 2002 ൽ രാജ്ഞിയുടെ അമ്മയുടെ സംസ്കാരച്ചടങ്ങുകൾ നടത്തിയിരുന്നു. റോയൽ നേവിയുടെ സ്റ്റേറ്റ് ഗൺ കാരിയേജിലാണു രാജ്ഞിയുടെ ഭൗതിക ശരീരം ആബെയിലെത്തിക്കുക. 1979ൽ മൗണ്ട് ബാറ്റൻ പ്രഭുവിന്റെ സംസ്കാരച്ചടങ്ങുകൾക്കാണ് ഇത് ഒടുവിൽ പുറത്തെത്തിച്ചത്. 142 നാവികര്‍ ഈ വാഹനം വലിക്കും. പുതിയ രാജാവുൾപ്പെടെ രാജകുടുംബത്തിലെ മുതിർന്നവരെല്ലാം ഈ യാത്രയുടെ ഭാഗമാകും.
വെസ്റ്റ്മിന്‍സ്റ്റർ ആബെയിൽനിന്ന് ലണ്ടനിലെ ഹൈഡ് പാർക്ക് കോർണറിലുള്ള വെല്ലിങ്ടൻ ആർച്ചിലേക്കു ഭൗതിക ശരീരം കൊണ്ടുപോകും. പിന്നീട് വിൻഡ്സർ കാസ്റ്റിലിലെ സെന്റ് ജോര്‍ജ് ചാപ്പലിലേക്കായിരിക്കും അന്ത്യയാത്ര. രാജകുടുംബാംഗങ്ങളുടെ വിവാഹങ്ങൾ, മാമോദിസ, സംസ്കാരച്ചടങ്ങുകള്‍ എന്നിവ നടത്തുന്നതു സെന്റ് ജോർജ് ചാപ്പലിലാണ്. ഇവിടെയാണു ഹാരി രാജകുമാരന്റെയും മേഗന്റെയും വിവാഹച്ചടങ്ങുകൾ നടത്തിയത്. രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരന്റെ സംസ്കാരച്ചടങ്ങുകൾ നടന്നതും ഇവിടെയായിരുന്നു. സെന്റ് ജോർജ് ചാപ്പലിലെ രാജകുടുംബത്തിന്റെ കല്ലറയിലായിരിക്കും രാജ്ഞിയുടെ അന്ത്യവിശ്രമമെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.