ലണ്ടന്‍:രഹസ്യ കോഡിലൂടെ സന്ദേശങ്ങള്‍ കൈമാറുന്നത് നമ്മള്‍ പലപ്പോഴും സിനിമകളില്‍ കണ്ടിട്ടുണ്ടാകും. കഥകളില്‍ വായിച്ചിട്ടുമുണ്ടാകും. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഇത്തരം കോഡുകളിലൂടെ ആശയവിനിമയം നടത്തുന്നവരാണ് രാജകുടുംബങ്ങള്‍. ഒരു രാജ്യത്തെ സംരക്ഷിക്കുന്നവരായതിനാല്‍തന്നെ രാജകുടുംബത്തിലെ അംഗങ്ങള്‍ നിരവധി രഹസ്യങ്ങള്‍ സൂക്ഷിക്കാനുണ്ടാകും. അതാണ് എല്ലാവരും കോഡ് ഭാഷയെ ആശ്രയിക്കാനുള്ള കാരണവും.
ബ്രിട്ടീഷ് രാജകുടുംബത്തിലും ഈ കോഡ്ഭാഷ നിലനില്‍ക്കുന്നുണ്ട്. രാജസിംഹാസനത്തില്‍ എഴുപതാണ്ടെന്ന ചരിത്രം നേട്ടം കുറിച്ച് എലിസബത്ത് രാജ്ഞി യാത്രയാകുമ്പോള്‍ ഈ കോഡ്ഭാഷയും ചര്‍ച്ചയാകുകയാണ്. രാജ്ഞി കൈയില്‍ തൂക്കി നടക്കുന്ന ബാഗിനേയും വിവാഹ മോതിരത്തേയും ചുറ്റിപ്പറ്റിയാണ് ഈ ചര്‍ച്ചകള്‍ കൊഴുക്കുന്നത്.
വെറും ഒരു അലങ്കാരത്തിന് വേണ്ടിയല്ല രാജ്ഞി ഹാന്‍ഡ് ബാഗ് ഉപയോഗിക്കുന്നത്. ഇത് ഒരു രഹസ്യ ആശയവിനിമയത്തിനുള്ള ഉപാധി കൂടിയാണെന്ന് ചരിത്രകാരനായ ഹ്യൂഗോ വിക്കേഴ്‌സ് പറയുന്നു. തന്റെ സുരക്ഷാ വൃന്ദത്തിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സന്ദേശങ്ങള്‍ കൈമാറാനുള്ള ഒരു കോഡ്. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ബാഗ് ഒരു കൈയില്‍ നിന്ന് മറ്റൊരു കൈയിലേക്ക് മാറ്റുന്നതും ബാഗ് മേശപ്പുറത്ത് വെയ്ക്കുന്നതും തറയില്‍ വെയ്ക്കുന്നതുമെല്ലാം രഹസ്യ സന്ദേശങ്ങളാണ്.
ബാഗ് ഒരു കൈയില്‍ നിന്ന് മറ്റൊരു കൈയിലേക്ക് മാറ്റിയാല്‍
ഒരു പൊതുചടങ്ങില്‍ വെച്ച് രാജ്ഞി തന്റെ ബാഗ് ഒരു കൈയില്‍ നിന്ന് മറ്റൊരു കൈയിലേക്ക് മാറ്റിയാല്‍ അതിനര്‍ത്ഥം ആ സ്ഥലത്ത് നിന്ന് മാറാന്‍ ആഗ്രഹിക്കുന്നു, അല്ലെങ്കില്‍ അതിഥികളുമായുള്ള കൂടിക്കാഴ്ച്ച ഉടന്‍ അവസാനിപ്പിക്കും എന്നതാണ്. രാജ്ഞിയെ കാണാനെത്തുന്ന ഭരണത്തലവന്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത വ്യക്തികളെ മുഷിപ്പിക്കാതെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം നല്‍കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇത്തരത്തിലൊരു സന്ദേശം കിട്ടിയാല്‍ ഉടന്‍ തന്നെ പരിവാരങ്ങളില്‍ ആരെങ്കിലും ഒരാള്‍ വന്ന് ഇടപെടുകയും ചെയ്യും.
ബാഗ് മേശപ്പുറത്ത് വെച്ചാല്‍
അടുത്ത അഞ്ച് മിനിറ്റിനുള്ളില്‍ ആ പരിപാടി അവസാനിപ്പിച്ച് അവിടെ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്നു എന്ന സന്ദേശമാണ് ഈ കോഡിലൂടെ രാജ്ഞി നല്‍കുന്നത്.
ബാഗ് തറയിലേക്ക് മാറ്റിയാല്‍
ഇപ്പോള്‍ നില്‍ക്കുന്ന ഇടത്തുനിന്നും വേഗം തന്നെ കൊണ്ടുപോകണം എന്നതാണ് ഈ കോഡിലൂടെ കൈമാറുന്ന രഹസ്യം.
ബാഗ് സഹായികളെ ഏല്‍പ്പിച്ചാല്‍
തന്റെ കൈയിലിക്കുന്ന ബാഗ് സഹായികളില്‍ ആരെയെങ്കിലും ഏല്‍പ്പിച്ചാല്‍ അതിനര്‍ത്ഥം സംസാരിച്ച് കൊണ്ടിരിക്കുന്ന ആളൊരു ബോറനാണെന്നും സംസാരം നിര്‍ത്തി പോകാന്‍ സമയമായി എന്നുമാണ്.
വിവാഹ മോതിരത്തിലെ രഹസ്യം
ചില നേരങ്ങളില്‍ രാജ്ഞി തന്റെ കൈയിലുള്ള മോതിരത്തില്‍ പിടിച്ച് തിരിക്കുന്നത് കാണാം. ഇതും ഒരു രഹസ്യ കോഡാണ് എന്ന് കൊട്ടാരം ചരിത്രകാരന്‍ ഹ്യൂഗോ വിക്കേഴ്സ് പറയുന്നത്. ആരെങ്കിലുമായി സംസാരിച്ചിരിക്കുമ്പോള്‍ രാജ്ഞി കൈയിലെ മോതിരം തിരിക്കുന്നത് കണ്ടാല്‍ സംസാരം നിര്‍ത്താന്‍ സമയമായെന്നാണ് സന്ദേശം. അയാളെ തന്ത്രപരമായി ഒഴിവാക്കിത്തരണമെന്ന് പരിചാരകരോട് നിര്‍ദേശിക്കുന്നതും ഈ രഹസ്യ കോഡിലൂടെയാണ്.