FeaturedKeralaNews

മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധം: കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കാൻ സർക്കാർ നടപടി തുടങ്ങി. മുഖാവരണം ഉപയോഗിക്കാത്തവർക്കും കൃത്യമായി ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരേ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദേശം.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു വരുന്നവർ ഏഴുദിവസത്തിൽ കൂടുതൽ കഴിയുന്നുണ്ടെങ്കിൽ ആദ്യ ഏഴുദിവസം ക്വാറന്റൈനിൽ കഴിയണം. എട്ടാംദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കിൽ ക്വാറന്റൈനിൽ കഴിയേണ്ടതില്ല.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തേയുള്ള മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു.

സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടംചേരൽ അനുവദിക്കില്ല. കടകൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കിൽ കർശനനടപടിയുണ്ടാകും.കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്ച 236 കേസെടുത്തു. 57 പേരെ അറസ്റ്റുചെയ്തു. നാല് വാഹനം പിടിച്ചെടുത്തു.

മുഖാവരണം ധരിക്കാത്തതിന് 862 പേർക്ക് പിഴ ചുമത്തി.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരും വോട്ടുചെയ്യാൻ പോയവരും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് പരിശോധന നടത്തണം എന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

കേരളത്തില്‍ ഇന്നലെ 4353 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.എറണാകുളം 654, കോഴിക്കോട് 453, തിരുവനന്തപുരം 444, തൃശൂര്‍ 393, മലപ്പുറം 359, കണ്ണൂര്‍ 334, കോട്ടയം 324, കൊല്ലം 279, ആലപ്പുഴ 241, കാസര്‍ഗോഡ് 234, പാലക്കാട് 190, വയനാട് 176, പത്തനംതിട്ട 147, ഇടുക്കി 125 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 106 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,901 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,35,78,641 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4728 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 173 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 297 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 617, കോഴിക്കോട് 439, തിരുവനന്തപുരം 329, തൃശൂര്‍ 384, മലപ്പുറം 343, കണ്ണൂര്‍ 252, കോട്ടയം 290, കൊല്ലം 274, ആലപ്പുഴ 236, കാസര്‍ഗോഡ് 211, പാലക്കാട് 81, വയനാട് 166, പത്തനംതിട്ട 125, ഇടുക്കി 111 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 6, കൊല്ലം, കോട്ടയം, കാസര്‍ഗോഡ് 4 വീതം, എറണാകുളം, പാലക്കാട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2205 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 143, കൊല്ലം 206, പത്തനംതിട്ട 82, ആലപ്പുഴ 119, കോട്ടയം 165, ഇടുക്കി 39, എറണാകുളം 137, തൃശൂര്‍ 202, പാലക്കാട് 60, മലപ്പുറം 249, കോഴിക്കോട് 391, വയനാട് 37, കണ്ണൂര്‍ 227, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 33,621 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,10,283 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,683 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,50,535 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5148 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 759 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 363 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button