കൊച്ചി: ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പേരില്‍ കോടികള്‍ തട്ടി ഗൂഡസംഘം. നൂറുകണക്കിന് മലയാളികളാണ് ക്യൂനെറ്റ് എന്ന പേരിലുള്ള മണിചെയിന്‍ കമ്പനിയുടെ തട്ടിപ്പിന് ഇരകളായത്. പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്നും തട്ടിപ്പ് തുടരുകയാണെന്നും പരാതിക്കാര്‍ ആരോപിച്ചു.
ബിസിനസിലേക്ക് പണം നിക്ഷേപിച്ച് സാമ്പത്തിക വിജയം നേടാനുള്ള അവസരമായിട്ടാണ് ക്യൂനെറ്റ് മണിചെയിന്‍ കമ്പനി നിക്ഷേപകരെ പറ്റിക്കുന്നത്. പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇന്റര്‍വ്യൂ നടത്തിയും വിജയിച്ചവരുടെ മാതൃക കാണിച്ചും ആഡംബര ജീവിതം ഉറപ്പുനല്‍കിയുമാണ് തട്ടിപ്പ്.
മൂന്ന് ലക്ഷം രൂപ നല്‍കിയാല്‍ അഞ്ചുവര്‍ഷത്തിനകം മൂന്നുകോടി വരെ ലാഭമുണ്ടാകുമെന്നാണ് വാഗ്ദാനം. ഭൂമി വിറ്റും കടം വാങ്ങയും നിക്ഷേപം നടത്തിയവരാണ് ഏറെയും. ഇരകളില്‍ കൂടുതലും പ്രവാസികളാണ്. മലപ്പുറം ജില്ലയില്‍ നിന്നുമാത്രം സംഘം കോടികളാണ് തട്ടിയത്. പോലീസിനെ പോലും വെല്ലുവിളിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നും ചതിക്കപ്പെട്ട നിക്ഷേപകര്‍ വ്യക്തമാക്കുന്നു.