പുരി ജഗന്നാഥ ക്ഷേത്രത്തില്‍ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്നുമരണം; നിരവധി പേര്‍ക്ക് പരിക്കേറ്റു; പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരം

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉത്സവത്തിനിടെ തിക്കുംതിരക്കും; 550-ഓളം പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഒഡിഷയിലെ പുരിയില്‍ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകള്‍ അടക്കം മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്.

രഥയാത്ര ആരംഭിച്ച ജഗന്നാഥ ക്ഷേത്രത്തില്‍ നിന്നും മൂന്നുകിലോമീറ്റര്‍ അകലെ ശ്രീ ഗുണ്ഡിച്ച ക്ഷേത്രത്തിന് സമീപം ജഗന്നാഥ ഭഗവാന്റെയും ബലഭദ്ര ഭഗവാന്റെയും, സുഭദ്രയുടെയും രഥങ്ങള്‍ എത്തിയപ്പോഴാണ് അപകടം.

പുലര്‍ച്ചെ 4.30 ഓടെ, ശ്രീ ഗുണ്ഡിച്ച ക്ഷേത്രത്തിന് സമീപം ദര്‍ശനത്തിനായി ഭക്തരുടെ വന്‍തിരക്കായിരുന്നു. തിരക്കില്‍ പെട്ട് ചിലര്‍ വീണതോടെ, കാര്യങ്ങള്‍ കൈവിട്ടുപോയി. മൂന്നുപേര്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പ്രഭതിദാസ്, ബസന്തി സാഹു, എന്നീ സ്ത്രീകളും, 70 കാരനായ പ്രേമകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചത്. ആള്‍ക്കൂട്ട നിയന്ത്രണത്തിന് പൊലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ അപര്യാപ്തമായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രഥയാത്ര ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ആയിരക്കണക്കിന് ഭക്തര്‍ ജഗന്നാഥനെ ദര്‍ശിക്കാന്‍ തള്ളിക്കയറിയതാണ് അപകടത്തിനിടയാക്കിയത്. ഇന്നലെ ഭക്തരെ നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി എട്ട് കേന്ദ്ര സായുധ പൊലീസ് സേനയുടെ കമ്പനികള്‍ അടക്കം ഏകദേശം 10,000 പേര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരെയും അധികൃതര്‍ മേഖലയില്‍ വിന്യസിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News