ന്യൂഡൽഹി : ജമ്മു കാശ്മീരിലെ പൂഞ്ചിൽ വ്യോമസേനയുടെ രണ്ട് വാഹനങ്ങൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരമാണ്, പരിക്കേറ്റവരെ ഉധംപൂരിലെ സൈനിക ആശുപത്രിയിലേക്ക് വ്യോമമാർഗം മാറ്റി.
വൈകിട്ട് ആറിന് പൂഞ്ചിലെ ഷാ സിത്താർ മേഖലയിലൂടെ പോകുമ്പോഴാണ് വ്യോമസേന വാഹനവ്യൂഹത്തിന് നേരെ ഭീകരർ തുരുതുരാ വെടിയുതിർത്തത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാസേന തെരച്ചിൽ ഊർജ്ജിതമാക്കി. രാഷ്ട്രീയ റൈഫിൾസും ജമ്മുകാശ്മീർ പൊലീസും സംയുക്തമായാണ് നീക്കങ്ങൾ നടത്തുന്നത്. പൂഞ്ചിൽ ആകമാനം സുരക്ഷ ശക്തമാക്കി.
പൂഞ്ചിൽ സൈനികർക്ക് നേരെ ഭീകരാക്രമണം തുടർക്കഥയാണ്. മേഖലയിൽ ഈ വർഷം സൈനികർക്ക് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്. കഴിഞ്ഞ വർഷം നിരവധി തവണ ഈ മേഖലയിൽ ഭീകരർ സൈനികർക്ക് നേരെ ആക്രമണം നടത്തിയിരുന്നു. 2023 ഡിസംബറിൽ പൂഞ്ചിലെ ദേരാ കി ഗലിയിൽ നടന്ന ആക്രമണത്തിൽ നാലു സൈനികർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.