കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസിലെ ഒന്‍പതാം പ്രതി പത്തനംതിട്ട സ്വദേശി സുനില്‍കുമാറിന്റെ (പൾസർ സുനി) ജാമ്യം വിചാരണക്കോടതി റദ്ദാക്കി. തുടര്‍ച്ചയായി മൂന്നാം തവണ സുനില്‍ കുമാര്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ജാമ്യം റദ്ദാക്കിയത്. കേസ് വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കും
പ്രതിയുടെ ജാമ്യക്കാര്‍ 3 നു നേരിട്ടു ഹാജരാകണം. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പോക്സോ കേസില്‍ ഉള്‍പ്പെട്ട സുനില്‍കുമാര്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയതാണെന്ന് അന്വേഷണ സംഘം കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ കുറ്റം ചുമത്തി വിചാരണ നടപടി ആരംഭിക്കാനുള്ള ശ്രമത്തിനിടെ ജാമ്യത്തിലിറങ്ങിയ സുനില്‍കുമാര്‍ പിന്നീട് ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല.
പലതവണ സമന്‍സ് അയച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതിനാല്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ആകെ കേസില്‍ 12 പ്രതികളാണുള്ളത്. എട്ടാം പ്രതി ദിലീപ് വിദേശത്താണ്. ആറ് മാസത്തിനകം വിചാരണ നടപടി പൂര്‍ത്തിയാക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന ദിലീപ് കേസ് പരിഗണിക്കുന്ന ഡിസംബര്‍ മൂന്നിന് കോടതിയില്‍ ഹാജരായേക്കും.