ഭക്ഷണം വൈകിയതിന് ഹോട്ടലിൽ അതിക്രമം,കൊല്ലുമെന്ന് ഭീഷണി; പൾസർ സുനിക്കെതിരെ കേസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിക്കെതിരെ വധഭീഷണി മുഴക്കിയതിന് കേസ്. എറണാകുളം രായമംഗലത്ത് ഹോട്ടലിൽ ഭക്ഷണം കൊണ്ടുവരാൻ വൈകിയതിനാണ് പൾസർ സുനി അക്രമം കാട്ടിയത്. ഹോട്ടലിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ജീവനക്കാരെ തെറി വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്നാണ് എഫ്‌ഐആറിലുള്ളത്. കുറുപ്പുംപടി പൊലീസാണ് പൾസർ സുനിക്കെതിരെ കേസെടുത്തത്.

നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷത്തെ ജയിൽവാസത്തിന് ശേഷം കർശന ജാമ്യ വ്യവസ്ഥയിലാണ് സുനി പുറത്തിറങ്ങിയത്. ഇതിനിടെയാണ് വീണ്ടും കേസിൽ പെട്ടിരിക്കുന്നത്. എറണാകുളം ജില്ല വിട്ട് പോകാൻ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത് എന്നീ ഉപാധികളാണ് കോടതി മുന്നോട്ടു വച്ചിരുന്നത്. ഇതിനുപുറമെ രണ്ട് ആൾ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സുനിയുടെ സുരക്ഷ റൂറൽ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകുകയും ചെയ്‌തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News