കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും. പള്‍സര്‍ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തുവന്നതോടെയാണ് പോലീസ് നീക്കം. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് ഇപ്പോള്‍ പുറത്തുവിട്ടതെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു. തന്റെ ജീവന്‍ അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞു. പ്രതി ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകന്‍ പറഞ്ഞതായും അവര്‍ വെളുപ്പെടുത്തിയിരുന്നു.
കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. ദിലീപിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളും തനിക്ക് അറിയാമായിരുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണവും കോടതിയെ അറിയിച്ചതായും മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ദേഹം പറഞ്ഞു. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനോട് ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താന്‍ എറണാകുളം സി.ജെ.എം. കോടതിയാണ് നിര്‍ദേശിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പിന്നീട് മാറ്റി പറയുന്ന സാഹചര്യം ഒഴിവാക്കാനാണിത്. ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് അന്വേഷണ സംഘത്തിനു മുന്നില്‍ ബാലചന്ദ്ര കുമാര്‍ ഉന്നയിച്ചത്. ബാലചന്ദ്ര കുമാറിനെ മൂന്നുതവണ ദിലീപിന്റെ വീട്ടില്‍ വെച്ചും ഹോട്ടലില്‍ വെച്ചും കണ്ടിട്ടുണ്ടെന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലും ഇതിനിടെ പുറത്തുവന്നിരുന്നു.
ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമാണ് ബാലചന്ദ്ര കുമാറിന്റെ പ്രധാന ആരോപണം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നും ഇതിന് താന്‍ ദക്സാക്ഷിയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
അതേസമയം നാളെ ഹൈക്കോടതി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായ എതിര്‍വാദം ഉന്നയിക്കാനാണ് സാധ്യത.