കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനിയുടെ ജാമ്യാപേക്ഷ ഒരിക്കല്‍ കൂടി ഹൈക്കോടതിയുടെ പരിഗണനയിലാണ്. അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ കോടതിയുടെ വിധിയുണ്ടായേക്കും. ആറ് വർഷത്തോളമായി വിചാരണ തടവുകാരനായി തുടരുന്ന കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് സുനിയുടെ ജാമ്യാപേക്ഷ. അതേസമയം, കേസില്‍ പള്‍സർ സുനിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നത്.
മാത്രമല്ല, പള്‍സർ സുനിയെ സഹായിക്കാന്‍ അദൃശ്യമായ ചില കരങ്ങളുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്..
ആറ് വർഷമായി വിചാരണ തടവുകാരനായി കഴിയുകയാണ് നടി ആക്രമിക്കപ്പെട്ടെ കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി. തന്റെ കൂടെ പ്രതികളായിരുന്ന മറ്റുള്ളവരെല്ലാം ഇതിനോടകം പുറത്തിറങ്ങി. അതിനാല്‍ തനിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നുമാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തിയ പള്‍സർ സുനിയുടെ വാദം.
കേസില്‍ വിചാരണ ഇനിയും നീളാന്‍ സാധ്യതയുണ്ടെന്ന് വിചാരണ കോടതി സുപ്രീം കോടതിയെ അറിയിച്ച കാര്യവും സുനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ കേസില്‍ തന്നെ നേരിട്ട് വിസ്തരിക്കണമെന്ന ആവശ്യവും സുനി ഉന്നയിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫറന്‍സിങ്ങിനെതിരെ സുനി നല്‍കിയ ഹർജി കോടതി അംഗീകരിക്കുകയും ചെയ്തു.
ഇതോടെ വിചാരണ ദിവസങ്ങളില്‍ സുനിക്ക് നേരിട്ട് ഹാജരാവാന്‍ സാധിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാവുന്ന വലിയ പോരായ്മയുണ്ടാക്കുന്നുവെന്നും തന്റെ കാര്യങ്ങള്‍ നേരിട്ട് പറയണമെന്നുമായിരുന്നു സുനിയുടെ ആവശ്യം. വിചാരണ തടവുകാർക്ക് ജാമ്യം ലഭിക്കാനുള്ള അവകാശമുണ്ടെങ്കിലും നിയമ വിദ്ഗധർ പറയുന്നത് നടി ആക്രമിക്കപ്പെട്ട കേസില്‍ അത്തരമൊരു സാധ്യത ഇല്ലെന്നാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ജാമ്യം എന്ന ആവശ്യവുമായി പള്‍സർ സുനി നേരത്തെ സൂപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയും ചെയ്തു. സുപ്രീംകോടതി തള്ളിയ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കുമോ എന്ന് അറിയില്ല. പള്‍സറിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിർപ്പ് ഉയർത്തുകയും ചെയ്യും.
സമൂഹ മനസാക്ഷിയെ ആകെ ഞെട്ടിച്ച കേസിലെ ഒന്നാം പ്രതിയാണ് ഈ പള്‍സർ സുനി. ആദ്യം ഞാന്‍ പറഞ്ഞതുപോലെ കാലണ കയ്യിലെടുക്കാനില്ലാത്ത ഇല്ലാത്ത പള്‍സർ സുനി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷയുമായി കയറിയിറങ്ങുകയാണ്. ഏതോ അദൃശ്യ കരങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്ന് വ്യക്തം.
ഫ്രീയായിട്ട് ഒരു വക്കീലും കേസുകള്‍ വാദിക്കില്ല. ഈ കേസിലെ ആദ്യ ഘട്ടത്തില്‍ ഇരുപതോളം സാക്ഷികള്‍ കൂറുമാറിയെങ്കില്‍ പള്‍സർ സുനിയെ പുറത്തിറക്കാന്‍ ഏത് അദൃശ്യകരമാണ് പ്രവർത്തിക്കുന്നത്, അവർക്ക് ഈ പ്രതിയെകൊണ്ട് ആവശ്യം ഉണ്ടാവുമെന്നാണ് നിയമവിദഗ്ദർ പറയുന്നതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.