കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യും. അനുമതി തേടി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. അതിനിടെ സുനിയുടെ അമ്മയുടെ രഹസ്യമൊഴിയെടുക്കും. ആലുവ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുക. ജയിലില്‍ സുനിയെ കണ്ട സമയത്ത് ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതായി അമ്മ ശോഭന പറഞ്ഞിരുന്നു. കൂടാതെ കേസിലെ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് സുനി ജയിലില്‍ നിന്നും തനിക്ക് കത്ത് അയച്ചതായും ശോഭന വ്യക്തമാക്കിയിരുന്നു.
അതിനിടെ അന്വേഷണോദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിന്റെ അറസ്റ്റിനുള്ള വിലക്ക് തുടരും. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതാണ് ഹര്‍ജി മാറ്റാന്‍ കാരണമായത്. ഹര്‍ജിയില്‍ ചൊവ്വാഴ്ച വരെ അഞ്ചു പ്രതികളുടെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ നല്‍കിയിരുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആറ് പേര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തത്. എന്നാല്‍, നടി കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ദിലീപിന്റെ വാദം. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് ബാലചന്ദ്രകുമാര്‍ നല്‍കിയ മൊഴി പരിശോധിക്കണം എന്നു കോടതി വ്യക്തമാക്കിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ ‘വിഐപി’ ശരത് ജി നായര്‍ തന്നെയെന്ന് സ്ഥിരീകരണം. പ്രതി ദിലീപിന്റെ സുഹൃത്താണ് അങ്കമാലി സൂര്യ ഹോട്ടല്‍സ് ഉടമയായ ശരത് ജി നായര്‍. ആലുവ സ്വദേശി ശരത് ജി നായരെ കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ശര്ത്തിന്റെ ജീവനക്കാരുടെ ഫോണിലെ ശബ്ദ സാമ്പിളുകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു. ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പിലെ ശബ്ദം ശരത്തിന്റേതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ഇന്നലെ ദിലീപിന്റെ സഹോദരീ ഭര്‍ത്താവിന്റെ ഫല്‍റ്റിലും ശരത് ജി നായരുടെ വസതിയിലും നടത്തിയ റെയ്ഡില്‍ സിം കാര്‍ഡികളും മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. ഒപ്പം ദിലീപും ശരതും തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സ്ഥലമിടപാട് സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനും സിഐ വര്‍ഗീസ് അലക്സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് സൂര്യ ഹോട്ടല്‍സ് ഉടമയായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ശരത് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.