31.1 C
Kottayam
Friday, May 3, 2024

‘അയോഗ്യത അഭിമാനം’; കെഎസ്‍യു പുനഃസംഘടനക്ക് പിന്നാലെ പരസ്യ പ്രതിഷേധം, അതൃപ്തി പ്രകടിപ്പിച്ച് ചെന്നിത്തല വിഭാഗം

Must read

കൊച്ചി: കെ എസ്‍ യു പുനഃസംഘടനയില്‍ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല വിഭാഗം. കെ എസ് യു വില്‍ പുനഃസംഘടന നടന്നപ്പോള്‍ പരിഗണിച്ചില്ലെന്നാണ്  ആക്ഷേപം. നിലവിലെ കമ്മറ്റിയിലെ രമേശ് പക്ഷക്കാർ  സാമൂഹിക മാധ്യമങ്ങളിൽ അതൃപ്തി പരസ്യമാക്കി രംഗത്ത് എത്തിക്കഴിഞ്ഞു. രമേശ് ചെന്നിത്തലയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് കെ എസ്‌ യു സംസ്ഥാന സെക്രട്ടറി യദുകൃഷ്ണൻ രംഗത്ത് വന്നത്. അയോഗ്യത അഭിമാനം എന്നാണ് പോസ്റ്റ്. സംസ്ഥാന വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചയാളാണ് യദുകൃഷ്ണൻ.

അതേസമയം അഞ്ച് വര്‍ഷത്തിന് ശേഷമാണ് കെ എസ് യു പുനഃസംഘടന യാഥാർത്ഥ്യമായത്. എറണാകുളം ജില്ലാ അധ്യക്ഷനായിരുന്ന അലോഷ്യസ് സേവ്യര്‍ ആണ് കേരള സ്റ്റുഡന്‍റ്സ് യൂണിയന്‍റെ പുതിയ സംസ്ഥാന അധ്യക്ഷൻ. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായും നിയമിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ മുൻ സംസ്ഥാന അധ്യക്ഷൻ കെ എം അഭിജിത്തിനെ എൻ എസ് യു ഐ ദേശീയ ജനറൽ സെക്രട്ടറിയായി പുതിയ നിയമനം നൽകിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കെ എസ്‍ യു വാരികയായ കലാശാലയുടെ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് അഭിജിത്ത് അധ്യക്ഷസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. 2017-ൽ നടത്തിയ പുനഃസംഘടനയിലൂടെയാണ് അഭിജിത്ത് കെ എസ്‍ യു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. രണ്ട് വര്‍ഷമായിരുന്നു കാലാവധിയെങ്കിലും അഞ്ച് വര്‍ഷത്തിലേറെ കാലം ഈ പദവിയിൽ അഭിജിത്ത് തുടര്‍ന്നു.

എ ഗ്രൂപ്പുകാരനായ അലോഷ്യസ് സേവ്യര്‍ ഇടുക്കി സ്വദേശിയാണെങ്കിലും എറണാകുളം ജില്ലാ പ്രസിഡൻ്റായിപ്രവർത്തിച്ചുവരികയായിരുന്നു. ഉമ്മൻ ചാണ്ടിയാണ് കെ എസ്‍ യു അധ്യക്ഷ സ്ഥാനത്തേക്ക് അലോഷ്യസ് സേവ്യറിൻ്റെ പേര് ശക്തമായി നിര്‍ദേശിച്ചത്. വി ഡി സതീശനും അലോഷ്യസ് സേവ്യറിനായി വാദിച്ചതോടെ എതിര്‍പ്പുകൾ മറികടന്ന് പദവി ഉറപ്പിക്കാനായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week