കണ്ണൂർ: ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി. പൊതുശല്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഡിവൈഎഫ്ഐ നേതാക്കളെ അധിക്ഷേപിക്കുന്ന ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘത്തെ പ്രതിരോധിക്കുമെന്നും കമ്മിറ്റി അറിയിച്ചു. ആകാശ് തില്ലങ്കേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.
ആകാശ് തില്ലങ്കേരിയെ ‘ക്വട്ടേഷന്‍ രാജാവ്’ എന്ന് വിശേഷിപ്പിച്ച കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്, ഷുഹൈബ് വധത്തില്‍ മാപ്പുസാക്ഷി ആകാനുളള ശ്രമമാണ് ആകാശിന്റേതെന്നു പറഞ്ഞു. ഷുഹൈബ് വധത്തില്‍ പങ്കില്ലെന്ന് സിപിഎം നേരത്തേ പറഞ്ഞതാണ്. ആകാശിന്റെ പ്രതികരണത്തിനു പിന്നില്‍ ഗൂഢാലോചനയാണെന്നും എം.വി.ജയരാജന് ആരോപിച്ചു.
പാര്‍ട്ടിക്കുവേണ്ടി കുറ്റങ്ങൾ ചെയ്തെന്നു സൂചിപ്പിക്കുന്ന ഫെയ്സ്ബുക് കമന്റിലൂടെയാണ് ആകാശ് സിപിഎം–ഡിവൈഎഫ്ഐ നേതൃത്വത്തിനെതിരെ രംഗത്തു വന്നത്. പല കാര്യങ്ങളിലും കുഴിയില്‍ ചാടിച്ചത് ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷ് ആണെന്ന് ആകാശ് തില്ലങ്കേരി ആരോപിച്ചു.
ആഹ്വാനം ചെയ്തവര്‍ക്കു സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പാക്കിയവര്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവയ്ക്കലും. പാര്‍ട്ടി സംരക്ഷിക്കാതിരിക്കുമ്പോള്‍ പലവഴിക്ക് സഞ്ചരിക്കേണ്ടി വരുമെന്നും ഫെയ്സ്ബുക് കമന്റില്‍ ആകാശ് പറഞ്ഞു.