തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴിന് അവസാനിപ്പിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍. മാവോയിസ്റ്റ് ബാധിത മേഖലകളില്‍ (ഒന്‍പത് മണ്ഡലങ്ങളില്‍) വൈകിട്ട് ആറിനാണു പ്രചാരണം അവസാനിപ്പിക്കേണ്ടത്.
പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവും ടെലിവിഷനിലും രാഷ്ട്രീയ പ്രചാരണങ്ങള്‍ നടത്തരുത്. ഇതു ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും.
സംസ്ഥാനത്ത് ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ടുമാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കണമെന്ന് നേരത്തെ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനു നിര്‍ദേശം നല്‍കിയിരുന്നു.ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇരട്ട വോട്ട് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ദേശം.
സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ വ്യാജമായി ചേര്‍ത്ത പേരുകള്‍ നീക്കണമെന്നും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നുമാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നത്.
131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയില്‍ ചേര്‍ത്തിട്ടുണ്ടെന്നും ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും കത്തുകള്‍ നല്‍കിയെങ്കിലും മറുപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
വ്യാജമായി ചേര്‍ത്ത പേരുകള്‍ പട്ടികയില്‍ നിന്നു നീക്കുകയോ മരവിപ്പിക്കുകയോ വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണമെന്നും വ്യാജവോട്ടുകാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.