അഫ്ഗാനിൽ പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ, സ്വന്തം സേന പോരാടാനില്ലാത്തിടത്ത് യുഎസ് സൈനികരുടെ ജീവന്‍ കളയേണ്ടതില്ലെന്ന് ബൈഡന്‍
കാബുൾ :എല്ലാ സർക്കാർ ജീവനക്കാർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. ജീവനക്കാർ ജോലിയിലേക്ക് മടങ്ങിയെത്തണമെന്നാണ് താലിബാൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
അഫ്ഗാന്റെ അധികാരം ഏറ്റെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാൻ പൊതുമാപ്പ് പ്രഖ്യാപിച്ചത്.”എല്ലാവർക്കുമായി തങ്ങൾ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ എല്ലാവരും തങ്ങളുടെ ദൈനംദിന ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ തിരികെ വരണം”, താലിബാൻ പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം അഫ്ഗാൻ സേന പോരാടാൻ തയ്യാറാകാത്തിടത്ത് യുഎസ് സൈനികരുടെ ജീവൻ കളയേണ്ടതില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് സൈനികരുടെ പൊടുന്നനെയുള്ള പിൻമാറ്റത്തിനു ശേഷം അഫ്ഗാൻ താലിബാന്റെ കൈപ്പിടിയിലൊതുങ്ങിയത് ബൈഡനെതിരേ വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തങ്ങളുടെ ഭാഗം വിശദീകരിച്ചു കൊണ്ട് ബൈഡൻ രംഗത്തെത്തിയത്.
ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നു. 20 വർഷത്തിനുശേഷം, യുഎസ് സേനയെ പിൻവലിക്കാൻ ഒരിക്കലും ഒരു നല്ല സമയം സംജാതമാവില്ലെന്ന തിരിച്ചറിവിൽ നിന്നാണ് പൊടുന്നനെയുള്ള സേനയുടെ പിൻമാറ്റമെന്നും ബൈഡൻ പറഞ്ഞു.
അതേസമയം അഫ്ഗാൻ സർക്കാരിന്റെ പതനം തങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നുവെന്നത് ബൈഡൻ മറച്ചുവെച്ചില്ല.”സ്വന്തം ഭാവി നിർണ്ണയിക്കാൻ അഫ്ഗാൻകാർക്ക് ഞങ്ങൾ അനവധി നിരവധി അവസരങ്ങൾ നൽകിയിരുന്നു. തീവ്രവാദം ഇല്ലാതാക്കാനാണ് തങ്ങൾ ശ്രമിച്ചത്. അല്ലാതെ അഫ്ഗാൻ രാജ്യം കെട്ടിപ്പടുക്കലല്ല”, ബൈഡൻ പറഞ്ഞു.
“അഫ്ഗാനിസ്താനിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് അമേരിക്കൻ സുരക്ഷാ സംഘവും താനും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അഫ്ഗാനിസ്ഥാനിലെ പല കാര്യങ്ങളിലും അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിലെ തകർച്ച നേരിടാൻ വേണ്ടിയുള്ള പദ്ധതികൾ അമേരിക്ക നടപ്പിലാക്കി വന്നു. എന്നാൽ, അഫ്ഗാൻ രാഷ്ട്രീയ നേതാക്കൾക്ക് രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടി ഒന്നിച്ച് നിൽക്കാനും ചർച്ച ചെയ്യാനും സാധിച്ചില്ല. കഴിഞ്ഞകാലത്തെ തെറ്റുകൾ അമേരിക്ക ആവർത്തിക്കില്ല. ഇനിയും അമേരിക്കൻ പൗരന്മാർക്ക് ജീവൻ നഷ്ടമാകരുത്”.
തീവ്രവാദത്തിനെതിരായ ചെറുത്ത് നിൽപ്പായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് വർഷങ്ങളോളമായി താൻ വാദിക്കുന്നുണ്ടെന്നും ഇന്ന് തീവ്രവാദം അഫ്ഗാനിസ്ഥാനിനപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നുവെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
“ഞാൻ അമേരിക്കയുടെ പ്രസിഡന്റാണ്. ഈ പ്രശ്നം എന്നോട് കൂടി അവസാനിക്കണം. വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയച്ചത്. 2001 സെപ്തംബർ 11-ന് തങ്ങളെ ആക്രമിച്ച അൽഖായ്ദയെ ലക്ഷ്യമിട്ടാണ് പോയത്. അമേരിക്കയെ ആക്രമിക്കാനുള്ള ഒരു താവളമായി അഫ്ഗാനിസ്താനെ ഉപയോഗിക്കാൻ അൽഖായിദയ്ക്ക് കഴിയില്ലെന്ന് ഉറപ്പു വരുത്തുകയായിരുന്നു ലക്ഷ്യം. അത് ഞങ്ങൾ നിർവ്വഹിച്ചു. ഒസാമ ബിൻലാദനെ വേട്ടയാടുന്നത് അമേരിക്ക ഒരിക്കലും ഉപേക്ഷിച്ചില്ല. ഒരു പതിറ്റാണ്ട് മുമ്പ് അമേരിക്ക ബിൻലാദനെ ഇല്ലാതാക്കി”, ബൈഡൻ കൂട്ടിച്ചേർത്തു.