പബ്ജി ഇന്ത്യയില്‍ തിരികെ എത്തുന്നു; ഔദ്യോഗിക പ്രഖ്യാപനവുമായി അധികൃതര്‍
ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്‌സണ്‍ ഷൂട്ടര്‍ ഗെയിം പബ്ജി ഇന്ത്യയില്‍ തിരികെ എത്തുന്നു. ഗെയിം ഡെവലപ്പര്‍മാരായ പബ്ജി കോര്‍പ്പറേഷന്‍ വിവരം ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ച ഗെയിം ആണിത് എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കുന്നു.
ക്യാരക്ടറുകള്‍, സ്ഥലം, വസ്ത്രങ്ങള്‍, ഉള്ളടക്കം, വാഹനങ്ങള്‍ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യന്‍ ടച്ച്’ ഉള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാണ് ഈ ഗെയിം റിലീസാവുക എന്നതിനെപ്പറ്റി അധികൃതര്‍ അറിയിച്ചിട്ടില്ല.
പബ്ജി മൊബൈലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
അമേരിക്കന്‍ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റുമായി പബ്ജിയുടെ മാതൃകമ്പനിയായ ക്രാഫ്റ്റണ്‍ ധാരണയിലെത്തിയതിനു പിന്നാലെ ഇന്ത്യയില്‍ ഗെയിം തിരികെ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ ധാരണ പ്രകാരം യുഎസ് ഭീമന്മാരായ മൈക്രോസോഫ്റ്റാവും പബ്ജിയിലെ യൂസര്‍ വിവരങ്ങള്‍ സൂക്ഷിക്കുക. ഇതോടെ ചൈന യൂസര്‍ ഡേറ്റ ചോര്‍ത്തുന്നു എന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ ആശങ്ക ഒഴിവാക്കാന്‍ കഴിയുമെന്ന് പബ്ജി കണക്കുകൂട്ടുന്നു.
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മൈക്രോസോഫ്റ്റിന്റെ അസൂര്‍ ക്ലൗഡ് നെറ്റ്വര്‍ക്കാവും ഇനി യൂസര്‍ ഡേറ്റ സൂക്ഷിക്കുക. പബ്ജി, പബ്ജി മൊബൈല്‍, പബ്ജി ലൈറ്റ് എന്നിങ്ങനെ എല്ലാ ഗെയിമുകളിലും ഇത് ബാധകമാണ്. ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ലോക്കല്‍ സെര്‍വറുകളിലാവും അസൂര്‍ സൂക്ഷിക്കുക. അതുകൊണ്ട് തന്നെ വിവരങ്ങള്‍ രാജ്യം വിടുമെന്ന ആശങ്ക ഒഴിയും.
ദക്ഷിണകൊറിയയിലെ ബ്ലൂഹോള്‍ എന്ന ഭീമന്‍ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റണ്‍ എന്ന കമ്പനിയുടെ കീഴിലെ ബ്രാന്‍ഡായ പബ്ജി കോര്‍പ്പറേഷനാണ് ഈ ഗെയിമുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് കമ്പനിയായ ടെന്‍സന്റ് ഗെയിംസിന്റെ ചൈനയിലെ സര്‍വറുകളിലാണ് ഇന്ത്യന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതാണ് നിരോധനത്തിനു കാരണമായത്. ഇതിനു പിന്നാലെ ടെന്‍സെന്റില്‍ നിന്ന് ഇന്ത്യയിലെ ഗെയിം വിതരണം പബ്ജി തിരികെ വാങ്ങിയിരുന്നു.