ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന് പിന്നാലെ രാജ്യത്ത് നിരോധിക്കപ്പെട്ട പബ്ജി മൊബൈല്‍ ഗെയിം തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് റിലയന്‍സ് ജിയോയും പബ്ജിയുടെ നിര്‍മ്മാതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുന്നുവെന്നും റിപ്പോര്‍ട്ട്.
ദക്ഷിണ കൊറിയന്‍ കമ്പനി ചൈനയുടെ ടെന്‍സെന്റ് ഗെയിംസുമായി സഹകരിച്ച് ഇന്ത്യയില്‍ അവതരിപ്പിച്ച പബ്ജി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് നിരോധിച്ചത്.റിലയന്‍സ് ജിയോയുമായി സഹകരിച്ച് കൊറിയന്‍ കമ്പനിയായ പബ്ജി കോര്‍പ്പറേഷന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പോവുകയാണെന്നാണ് സൂചന.
അതേസമയം, ഇരുവിഭാഗവും ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇരു കമ്പനികളും തമ്മില്‍ കരാറിലേര്‍പ്പെടുകയാണെങ്കില്‍ പബ്ജി ലൈറ്റിനായി പ്ലേസ്‌റ്റോറില്‍ രജിസ്റ്റര്‍ ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് പ്രത്യേക റിവാര്‍ഡുകളും ലഭിക്കുമെന്നാണ് വിവരം.
പബ്ജിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇന്ത്യ.
ഏറ്റവും കൂടുതല്‍ ഇന്‍-ഗെയിം പര്‍ച്ചേസുകള്‍ നടത്തുന്ന ഗെയിമര്‍മാരും ഇന്ത്യയിലാണ്. ചൈനീസ് കമ്പനിയെ ഒഴിവാക്കിയതോടെ ഇന്ത്യയില്‍ ജിയോ പോലുള്ള ഒരാളെ പങ്കാളിയാക്കി പഴയ വിപണി തിരിച്ചുപിടിക്കാനാണ് കൊറിയന്‍ കമ്പനി ശ്രമിക്കുന്നത്.