ശ്രീഹരിക്കോട്ട: പുതുവത്സരദിനത്തിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ). ഇന്ത്യയുടെ അഭിമാന വിക്ഷേപണവാഹനമായ പോളാർ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളി (പി.എസ്.എൽ.വി) ന്റെ അറുപതാമത് വിക്ഷേപണം തിങ്കളാഴ്ച വിജയകരമായി നടന്നു.
ശീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 9.10 നാണ്, ‘എക്സ്പോസാറ്റ്’ (XPoSat) അഥവാ ‘എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റി’നെയും വഹിച്ചുകൊണ്ട് പി.എസ്.എൽ.വി. സി 58 റോക്കറ്റ് കുതിച്ചുയർന്നത്. സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം.
ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളെ നിരീക്ഷിക്കുക വഴി, തമോഗർത്തങ്ങൾ (ബ്ലാക്ക് ഹോൾ), ന്യൂട്രോൺ താരങ്ങൾ തുടങ്ങിയവയെ കുറിച്ച് പഠിക്കുകയാണ് എക്‌സ്‌പോസാറ്റിന്റെ ലക്ഷ്യം. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ ധ്രുവണത്തെ (പോളറൈസേഷൻ) കുറിച്ച് പഠിക്കാൻ ഇന്ത്യ അയക്കുന്ന ആദ്യ ഉപഗ്രഹമാണ് എക്സ്പോസാറ്റ്. ഭൂമിയിൽനിന്ന് 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എക്സ്പോസാറ്റിനെ പി.എസ്.എൽ.വി. സി. 58 സുരക്ഷിതമായി എത്തിച്ചു.
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ്. വനിതാ എൻജിനിയറിങ് കോളേജിലെ വിദ്യാർഥിനികൾ നിർമിച്ച ‘വിസാറ്റ്’ ഉൾപ്പെടെ പത്തു ചെറുഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ബഹിരാകാശത്തുനിന്നുള്ള അൾട്രാ വയലറ്റ് രശ്മികൾ കേരളത്തിന്റെ കാലാവസ്ഥയെ എങ്ങനെ
സ്വാധീനിക്കുന്നു എന്നാണ് വിസാറ്റ് പഠിക്കുക.
1993 സെപ്റ്റംബറിലായിരുന്നു പി.എസ്.എൽ.വിയുടെ ആദ്യവിക്ഷേപണം. 59 വിക്ഷേപണങ്ങളിലൂടെ പി.എസ്.എൽ.വി. 345 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചിട്ടുണ്ട്.