ശ്രീഹരിക്കോട്ട: ഇന്ത്യയുടെ എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ്-6 ഉള്‍പ്പടെ ഒമ്പത് ഉപഗ്രഹങ്ങളുമായി ഇസ്രോയുടെ (ISRO) പിഎസ്എല്‍വി-സി54 റോക്കറ്റ് വിക്ഷേപിച്ചു. ശനിയാഴ്ച രാവിലെ 11.56 ന് ശ്രീഹരിക്കോട്ടയിലെ സതിഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഓഷ്യന്‍ സാറ്റ് പരമ്പരയില്‍പ്പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. മറ്റുള്ളവ നാനോ സാറ്റലൈറ്റുകളാണ്. പിഎസ്എല്‍വി എക്‌സ്എല്‍ പതിപ്പിന്റെ 24-മത് വിക്ഷേപണമാണിത്.
വിക്ഷേപിച്ച് 17-ാം മിനിറ്റിൽ പ്രധാന ദൗത്യമായ എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ്-6 വിക്ഷേപണ വാഹനത്തിൽ നിന്ന് വിജയകരമായി വേർപെടുത്തി. വരും മണിക്കൂറുകളിൽ ഓര്‍ബിറ്റ്-ചേഞ്ച് ത്രസ്റ്ററുകള്‍ രണ്ട് തവണ പ്രവർത്തിപ്പിച്ച് വിക്ഷേപണ വാഹനത്തിന്‍റെ ഭ്രമണപഥം ക്രമീകരിച്ച ശേഷം വരുന്ന മണിക്കൂറുകളിൽ മറ്റുള്ള നാനോ സാറ്റലൈറ്റുകള്‍ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് വിവിധ ഓര്‍ബിറ്റുകളിള്‍ വിന്യസിക്കും. ഇസ്രോയുടെ ദൈര്‍ഘ്യമേറിയ ദൗത്യങ്ങളില്‍ ഒന്നായിരിക്കും ഇത്.
ഓഷ്യന്‍സാറ്റ് പരമ്പരയിലെ മൂന്നാം തലമുറയില്‍ പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റലൈറ്റ്-6 (ഇഒഎസ്-6). ഓഷ്യന്‍സാറ്റ്-2 ന്റെ സേവനങ്ങളുടെ തുടര്‍ച്ചയാണ് പുതിയ ഉപഗ്രഹത്തിന്റെ ചുമതല. മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളും പുതിയ ഉപഗ്രഹത്തിലുണ്ടാവും. സമുദ്രങ്ങളെ കുറിച്ച് പഠിക്കുന്നതിനും കാലാവസ്ഥാ നിരീക്ഷണത്തിനും വേണ്ടിയാണ് ഓഷ്യന്‍സാറ്റ് ഉപഗ്രങ്ങള്‍ തയ്യാറാക്കായിരിക്കുന്നത്.
ഇന്ത്യ-ഭൂട്ടാന്‍ സഹകരണത്തിലുള്ള ഐഎന്‍എസ്-2ബി, സ്പേസ് ഫ്ളൈറ്റ് യുഎസ്എയുടെ നാല് നാനോ സാറ്റലൈറ്റുകള്‍, സ്വിസ് വിവരവിനിമയ കമ്പനിയായ ആസ്ട്രോകാസ്റ്റിന്റെ ഒരു ഉപഗ്രഹം, ഹൈദരാബാദില്‍ നിന്നുള്ള ധ്രുവ സ്പേസിന്റെ തൈബോള്‍ട്ട്-1, തൈബോള്‍ട്ട് 2 ഉപഗ്രഹങ്ങള്‍, സ്റ്റാര്‍ട്ട് അപ്പ് ആയ പിക്സെലിന്റെ (Pixxel) ആനന്ദ് എന്ന നാനോ സാറ്റലൈറ്റ് എന്നിവയാണ് വിക്ഷേപിക്കുന്ന മറ്റ് ഉപഗ്രഹങ്ങള്‍.