മെസി ഒന്നടിച്ചു, റൊണാൾഡോ രണ്ടടിച്ചു,സൗദി ഓള്‍ സ്റ്റാര്‍ ഇലവനെതിരെ പിഎസ്ജിക്ക് ജയം

റിയാദ്:മെസി റൊണാള്‍ഡോ ആവേശപ്പോരില്‍ ത്രസിപ്പിക്കുന്ന ‍ജയം നേടി പി.എസ്.ജി. റൊണാള്‍ഡോ നയിച്ച സൗദി ഓള്‍ സ്റ്റാര്‍ ഇലവനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പി.എസ്.ജി പരാജയപ്പെടുത്തിയത്. മല്‍സരത്തില്‍ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി. അടിയും തിരിച്ചടിയുമായി ഇരു ടീമുകളും കളം നിറഞ്ഞു കളിച്ചപ്പോള്‍. ആദ്യവസാനം ആവേശം നിറഞ്ഞ പോരാട്ടത്തിനാണ് റിയാദ് സാക്ഷ്യം വഹിച്ചത്.

കളി തുടങ്ങി മൂന്നാം മിനിറ്റില്‍ ലയണല്‍ മെസിയിലൂടെ പി.എസ്.ജി മുന്നില്‍. അല്‍ നസറില്‍ എത്തിയതിന് ശേഷം ആദ്യമായി കളിക്കാനിറങ്ങിയ  ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ സൗദി ഓള്‍ സ്റ്റാര്‍ ഇലവന്‍ ഗോള്‍ മടക്കി

43 ാം മിനിറ്റില്‍ മാര്‍ക്കിനോസിലൂടെ പി.എസ്.ജി യുടെ രണ്ടാം ഗോള്‍. ആദ്യ പകുതിയുടെ അവസാനം തകര്‍പ്പന്‍ ഗോളിലൂടെ ക്രിസ്റ്റ്യനോ പിന്നെയും രക്ഷകനായി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെര്‍ജിയോ റാമോസിലൂടെ സെയ്ന്റ് ജര്‍മന്‍സ്  മുന്നില്‍. മൂന്നാം ഗോളിന്റെ  ആവേശം അടങ്ങും മുന്നേ ഹ്യൂന്‍ സൂ ജാങിലൂടെ സൗദിയുടെ തിരിച്ചടി.

60 ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയും 78 ാം മിനിറ്റില്‍ ഹ്യൂഗോ എകിറ്റിക്കയും ഗോള്‍ നേടിയതോടെ  മെസിയും സംഘവും ജയമുറപ്പിച്ചു. എന്നാല്‍ പൊരുതിക്കളിച്ച സൗദിപ്പട 94 ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി പിഎസ് ജിയുടെ വലകുലുക്കി.അവസാന വിസിലില്‍ സ്കോര്‍ 5–4. പരാജയത്തിലും റൊണാള്‍ഡോയ്ക്ക് അഭിമാനിക്കാം ഇരട്ട ഗോളുകളുമായി  ടീമിനെ മുന്നില്‍ നിന്നു നയിച്ചതിന്. തന്റെ കാലം കഴിഞ്ഞിട്ടില്ലയെന്ന് ലോകത്തെ ഓര്‍മിപ്പിച്ചതിന്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News